പാലക്കാട്: ഏറിയും കുറഞ്ഞും പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ പകർച്ചപ്പനികൾ ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ആറുപേരാണ് ജില്ലയിൽ മരിച്ചത്. വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികളെല്ലാം എളുപ്പത്തിൽ പടർന്നുകൊണ്ടിരിക്കുകയാണ്.
ജില്ലയിൽ പൊതുവേ എലിപ്പനി കേസുകൾ കുറവാണെങ്കിലും ഡെങ്കിപ്പനിയേക്കാൾ മരണനിരക്ക് കൂടുതലാണെന്നത് ആശങ്ക ഉയർത്തുന്നു. 16ന് വടക്കന്തറയില്‍ 52കാരനും 14ന് കിഴക്കഞ്ചേരി എലവമ്പാടത്ത് 60 കാരിയും ഒമ്പതിന് ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂരില്‍ 59കാരനുമാണ് എലിപ്പനി ബാധിച്ച് മരിച്ചത്. നിലവിൽ 22 പേർ എലിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. 16 കേസുകൾ രോഗലക്ഷണങ്ങളോടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അടുത്തകാലത്തായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര് മരണപ്പെടുന്നത് എലിപ്പനി കേസുകളിലാണ്. മുതലമട, വടകരപ്പതി, ഷോളയൂര്‍, പാലക്കാട്, പറളി, മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍, കിഴക്കഞ്ചേരി, എരിമയൂര്‍, ലക്കിടി പേരൂര്‍, വടവന്നൂര്‍, ശ്രീകൃഷ്ണപുരം, ചാലിശ്ശേരി എന്നിവിടങ്ങളിലാണ് എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ10ന് ചാലിശ്ശേരി തണ്ണീര്‍ക്കോട് 50കാരനും അഞ്ചിന് ചാലിശ്ശേരിയില്‍ 43കാരിയും മൂന്നിന് കോട്ടോപ്പാടത്ത് 35 കാരിയുമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 20 ദിവസത്തിനിടെ 11,968 പേര് പനിബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. രണ്ട് മലമ്പനി കേസുകളും ഇതില്‍ ഉള്‍പ്പെടും. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 533 പേരിൽ 144 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
18ന് മാത്രം മുതുതലയിൽ ആറ് കേസും ഓങ്ങല്ലൂരില്‍ 12 കേസും പട്ടാമ്പിയില്‍ ആറും കേസും സ്ഥിരീകരിച്ചിരുന്നു. 15ന് ഓങ്ങല്ലൂരില്‍ 15 കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാലിശ്ശേരിയും ഓങ്ങല്ലൂരും പട്ടാമ്പിയും ഡെങ്കി ഹോട്ട്സ്പോട്ടുകളായി മാറിയിട്ടുണ്ട്. ജില്ലയിലെ മറ്റിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ഫോഗിങ്, കുത്താടി നശീകരണം, തദ്ദേശസ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്നുള്ള ബോധവത്കരണം, ഡ്രൈ ആചരണം എന്നിവ നടക്കുന്നുണ്ട്. അതേസമയം, നീണ്ട ഇടവേളക്കുശേഷം ജില്ലയില്‍ ചിക്കുന്‍ഗുനിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഷോളയൂരിലാണ് നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകള്‍ തന്നെയാണ് ഈ വൈറല്‍പനിയും പടര്‍ത്തുന്നത്. കേരളത്തില്‍ കേസുകള്‍ കുറവാണെങ്കിലും തമിഴ്നാട്ടില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. അതിനാലാണ് അതിര്‍ത്തി പ്രദേശമായ ഷോളയൂരില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.