തരൂർ
മണ്ഡലം
തരൂർ: 2008ൽ രൂപവത്കരിച്ച പട്ടികജാതി സംവരണ മണ്ഡലമായ തരൂർ ഇതുവരെ നടന്ന മൂന്നു തെരഞ്ഞെടുപ്പിലും ഇടതിനോടാണ് ചേർന്നുനിന്നത്. മണ്ഡലത്തിലെ വോട്ടർമാരിൽ ബഹു ഭൂരിപക്ഷവും ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളുമാണ്. പെരുങ്ങോട്ടുകുറുശ്ശി, കുത്തനൂർ, കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. ഇതിൽ കുത്തനൂർ മാത്രമാണ് യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളത്. പെരുങ്ങോട്ടുകുറുശ്ശി, കണ്ണമ്പ്ര, കാവശ്ശേരി, പുതുക്കോട്, തരൂർ പഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരിക്കുന്നു. തുല്യ സീറ്റുകൾ പങ്കിട്ട കോട്ടായിയിൽ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനുമാണ്. വടക്കഞ്ചേരിയിലും ഇടതു-വലത് മുന്നണികൾ തുല്യശക്തികളാണെങ്കിലും യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രൻ പ്രസിഡന്റ് സ്ഥാനം കൈയാളുന്നു.
2011, 2016 വർഷങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിലെ എ.കെ. ബാലനാണ് ഇവിടെനിന്ന് വിജയിച്ചത്. എന്നാൽ, 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രമ്യ ഹരിദാസിനായിരുന്നു ഇവിടെ ഭൂരിപക്ഷം. 2011ൽ എ.കെ. ബാലനെതിരെ യു.ഡി.എഫ് സ്ഥാനാർഥി ആയി മത്സരിച്ചത് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ എൻ. വിനേഷ് ആയിരുന്നു, ബി.ജെ.പി സ്ഥാനാർഥിയായി എം. ലക്ഷ്മണനും.
2016ൽ കോൺഗ്രസിലെ സി. പ്രകാശ്, ബി.ജെ.പിയുടെ കെ.വി. ദിവാകരൻ എന്നിവരാണ് എ.കെ. ബാലനെതിരെ കളത്തിലിറങ്ങിയത്. 2021ലെ തെരഞ്ഞെടുപ്പിൽ എ.കെ. ബാലന് പകരം എൽ.ഡി.എഫ് കളത്തിലറക്കിയത് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച പി.പി. സുമോദിനെയാണ്. എ.കെ. ബാലനെക്കാളും ഉയർന്ന ഭൂരിപക്ഷത്തിലാണ് സുമോദ് ഇവിടെ വിയജിച്ചതെങ്കിലും 2016ലെ 52.25 ശതമാനം വോട്ട് 2021ൽ 51.48 ശതമാനമായി കുറഞ്ഞു.
2016 ൽ 164236ഉം 2021ൽ 170119ഉം വോട്ടാണ് മണ്ഡലത്തിലുണ്ടായത്. 2016ൽ 67047 വോട്ടാണ് എ.കെ.ബാലന് ലഭിച്ചത്. 2021ൽ സുമോദിന് ലഭിച്ചത് 67744 വോട്ടും. യു.ഡി.എഫിന് വേണ്ടി മത്സരിച്ചത് ചിറ്റൂർ-തത്തമംഗലം നഗരസഭ മുൻ ചെയർപേഴ്സൻ കെ.എ. ഷീബയായിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും എൻ.ഡി.എയുടെ വോട്ട് ശതമാനം മുകളിലോട്ടാണ്.
2021 നിയമസഭ
പി.പി. സുമോദ്(എൽ.ഡി.എഫ്) 67744
കെ.എ. ഷീബ(യു.ഡി.എഫ്) 43213
കെ.പി. ജയപ്രകാശൻ (ബി.ജെ.പി) 18465
സി.എ. ഉഷാകുമാരി (വെൽഫെയർ പാർട്ടി) 985
ഭൂരിപക്ഷം: 24531
2024 ലോക്സഭ
കെ. രാധാകൃഷ്ണൻ (എൽ.ഡി.എഫ്) 52082
രമ്യ ഹരിദാസ് (യു.ഡി.എഫ്) 46890
ഡോ. ടി.എൻ. സരസു(എൻ.ഡി.എ) 24198
ഭൂരിപക്ഷം: 5192
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.