നിശബ്ദ താഴ്വരയുടെ തലോടലേറ്റ് കിടക്കുന്ന മണ്ണാര്‍ക്കാട് നിയമസഭ മണ്ഡലം മലയോര-കാര്‍ഷിക മേഖല കൂടിയാണ്. മണ്ണാര്‍ക്കാട്, അട്ടപ്പാടി ട്രൈബല്‍ താലൂക്കുകളുള്‍പ്പെടുന്ന മണ്ഡലത്തിന് ആലപ്പുഴ ജില്ലയോളം വിസ്തൃതിയുണ്ട്. അഗളി, തെങ്കര, അലനല്ലൂര്‍ ജില്ല പഞ്ചായത്ത് ഡിവിഷനുകളും മണ്ണാര്‍ക്കാട്, അഗളി ബ്ലോക്ക് പഞ്ചായത്തുകളും അഗളി, ഷോളയൂര്‍, പുതൂര്‍, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുകളും മണ്ണാര്‍ക്കാട് നഗരസഭയും മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു.
മണ്ണാര്‍ക്കാട് രാഷ്ട്രീയ വേരോട്ടമുള്ള മണ്ണാണ്. ഇരു മുന്നണികള്‍ക്കും സ്വാധീനമുള്ള മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഫലങ്ങളും മാറിവരാറുണ്ട്. സംസ്ഥാനം രൂപവത്കരിക്കുന്നതിന് മുമ്പ് 1951ല്‍ തിരുകൊച്ചി-മദ്രാസ് അസംബ്ലിയിലേക്ക് മലബാര്‍ ഏരിയയിലുള്‍പ്പെട്ട മണ്ണാര്‍ക്കാടുനിന്ന് സ്വതന്ത്രനായി മത്സരിച്ച കെ.സി. ഗോപാലനുണ്ണിയാണ് ഇവിടുത്തെ ആദ്യത്തെ ജനപ്രതിനിധി. കേരള രൂപവത്കരണത്തിന് ശേഷം 1957ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ കെ. കൃഷ്ണമേനോന്‍ നിയമസഭയിലെത്തി. തുടര്‍ന്ന് 1977 വരെ നടന്ന തുടര്‍ച്ചയായ അഞ്ചു തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയാണ് വിജയിച്ചത്. 1960ല്‍ സി.പി.ഐയിലെ കൊങ്ങശ്ശേരി കൃഷ്ണന്‍, 1965ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ അഡ്വ. പി.എ. ശങ്കരന്‍, 1967ല്‍ സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ഇ.കെ. ഇമ്പിച്ചിബാവ, 1970ല്‍ കെ.എസ്.പിയിലെ ജോണ്‍ മാഞ്ഞൂരാന്‍ എന്നിവർ വിജയിച്ചു.
1977ല്‍ എ.എന്‍. യൂസുഫിലൂടെ സി.പി.ഐ മണ്ഡലം തിരിച്ചുപിടിച്ചു. 1980 മുതലാണ് യു.ഡി.എഫിന്റെ ഭാഗമായി മുസ്‍ലിം ലീഗ് മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ തുടങ്ങിയത്. 1980ലെ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി എ.പി. ഹംസ എ.എന്‍. യൂസുഫിനെയാണ് പരാജയപ്പെടുത്തിയത്. 1982ല്‍ എ.പി. ഹംസയെ പരാജയപ്പെടുത്തിയ പി. കുമാരനിലൂടെ സി.പി.ഐ മണ്ഡലം തിരിച്ചുപിടിച്ചു. 1987ലും 91ലും ലീഗിലെ കല്ലടി മുഹമ്മദ്, പി. കുമാരനെ പരാജയപ്പെടുത്തി. 1996ല്‍ കല്ലടി മുഹമ്മദിനെ പരാജയപ്പെടുത്തി സി.പി.ഐ.യിലെ ജോസ് ബേബി മണ്ഡലം തിരിച്ചുപിടിച്ചു. 2001ല്‍ ലീഗ് സ്ഥാനാര്‍ഥി കളത്തില്‍ അബ്ദുള്ള വിജയിച്ചു. 6625 വോട്ടിന്റെ വിത്യാസത്തിലാണ് ജോസ് ബേബി പരാജയപ്പെട്ടത്. 2006ല്‍ സി.പി.ഐ ജോസ് ബേബിയിലൂടെ തന്നെ മണ്ഡലം തിരിച്ചുപിടിച്ചു. ജോസ് ബേബി ആ കാലയളവില്‍ ഡെപ്യൂട്ടി സ്പീക്കറുമായി. 2011 മുതല്‍ നടന്ന മൂന്നു തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ലീഗിലെ എന്‍. ഷംസുദ്ദീനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
2011ല്‍ സി.പി.ഐയിലെ വി. ചാമുണ്ണിയെയും 2016ലും 2021ലും കെ.പി. സുരേഷ് രാജിനെയുമാണ് ഷംസുദ്ദീന്‍ പരാജയപ്പെടുത്തിയത്. മണ്ഡലചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ച ജനപ്രതിനിധി കൂടിയാണ് എന്‍. ഷംസുദ്ദീന്‍.
1987 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി രംഗത്തുണ്ട്. അട്ടപ്പാടി മേഖലകളില്‍ വോട്ടുവര്‍ധന നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. അവസാനം നടന്ന നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.യുടെ വോട്ടുവിഹിതം 10,000ത്തിന് മുകളിലാണ്.
ഇടക്കാല തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ 16 തിരഞ്ഞെടുപ്പുകളില്‍ ഒമ്പതു തവണ ഇടതുമുന്നണിയും ഏഴ് തവണ യു.ഡി.എഫുമാണ് മണ്ഡലത്തില്‍ വിജയിച്ചത്.
ആകെ വോട്ട് -1,98,223.
പോള്‍ ചെയ്തത് - 1,52,102.
എന്‍. ഷംസുദ്ദീന്‍ (മുസ്‍ലിം ലീഗ് ) -71657 .
കെ.പി. സുരേഷ് രാജ് (സി.പി.ഐ) -65787.
പി. നസീമ (എ.ഐ.എ.ഡി.എം.കെ) -10,376.
ഭൂരിപക്ഷം-5870
വി.കെ. ശ്രീകണ്ഠന്‍ (യു.ഡി.എഫ്)-78250,
എ. വിജയരാഘവന്‍ (എല്‍.ഡി.എഫ്)-48625.
സി. കൃഷ്ണകുമാര്‍ (എന്‍.ഡി.എ)-18560.
ഭൂരിപക്ഷം-29,625.
സ്ഥാനാര്‍ഥിയെ ആദ്യം പ്രഖ്യാപിച്ച് ഒരു മുഴം മുന്നേ സഞ്ചരിക്കുകയാണ് ഇടതുമുന്നണി. സി.പി.ഐയിലെ മൻസിൽ ബക്കറാണ് എൽ.ഡി.എഫിനായി ജനവിധി തേടുക.
രാഷ്ട്രീയസാഹചര്യം വെച്ചുനോക്കിയാല്‍ ഇടതുമുന്നണിക്ക് വെല്ലുവിളിയേറെയുണ്ട്. സി.പി.എമ്മിലും സി.പി.ഐയിലും വിഭാഗീയത ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പി.കെ. ശശി വിവാദം മുന്നണിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവാദം തുടക്കത്തില്‍ യു.ഡി.എഫിനെ അലോസരപ്പെടുത്തിയിരുന്നു. മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ മാറിനില്‍ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം. മണ്ഡലത്തിലെ പൊതുസമ്മതരായ നേതാക്കളില്‍ ആര്‍ക്കെങ്കിലും അവസരം നല്‍കണമെന്നാണ് ആവശ്യമുയര്‍ന്നത്. എന്നാല്‍, വിജയസാധ്യത കണക്കിലെടുത്ത് ഷംസുദ്ദീ ന്‍തന്നെ മത്സരിക്കണമെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഇടപെടുകയും വിവാദങ്ങള്‍ ഒഴിവാക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.