കുടുംബശ്രീ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കൊട്ടേക്കാട് ഗവ. എൽ.പി സ്കൂളിലെ പോഷകത്തോട്ടത്തിൽ പച്ചക്കറി വിത്തുകളും ഔഷധസസ്യങ്ങളും നട്ടുകൊണ്ട്
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത നിർവഹിക്കുന്നു
പാലക്കാട്: ജില്ലയിലെ സ്കൂളുകളിലും അംഗൻവാടികളിലും ഇനി മുതൽ കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാർഡനുകൾ. വിഷരഹിതമായ ഗുണമേന്മയുള്ള പോഷക സമ്പുഷ്ടമായ കാർഷിക ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനായി പ്രാദേശിക കാർഷിക കാലാവസ്ഥക്ക് അനുയോജ്യമായ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് കാർഷിക പോഷക ഉദ്യാനങ്ങൾ സജ്ജീകരിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണ് അഗ്രി ന്യൂട്രി ഗാർഡൻ. കുടുംബശ്രീ അംഗങ്ങളുടെ വീടുകൾക്കൊപ്പം മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ജില്ലയിലെ വിവിധ കുടുംബശ്രീ സി.ഡി.എസുകളിലെ അനുയോജ്യമായ അംഗൻവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിലും അഗ്രി ന്യൂട്രി ഗാർഡനുകൾ സജ്ജീകരിക്കാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
കുടുംബശ്രീ ഫാം ലൈവ്ലിഹുഡിന്റെയും ജെൻഡർ വെർട്ടിക്കലിന്റെയും നേതൃത്വത്തിൽ അഗ്രി സി.ആർ.പിമാർ, എഫ്.എൻ.എച്ച്.ഡബ്ല്യു ആർ.പിമാർ എന്നിവർ മുഖേന ഓരോ കുടുംബശ്രീ സി.ഡി.എസിലും അഗ്രി ന്യൂട്രി ഗാർഡനുകൾ ഒരുക്കാൻ സൗകര്യമുള്ള അംഗൻവാടികൾ, സ്കൂളുകൾ എന്നിവ കണ്ടെത്തി നിലവിലെ പ്രാദേശിക കാർഷിക കാലാവസ്ഥക്ക് അനുയോജ്യമായ പച്ചക്കറികൾ, ഫലവൃക്ഷതൈകൾ എന്നിവ തെരഞ്ഞെടുത്ത് ഉദ്യാനത്തിന്റെ ലേ ഔട്ട് തയാറാക്കി പോഷകത്തോട്ടങ്ങൾ സജ്ജീകരിച്ച് വരികയാണ്. ജില്ലയിലെ 123 അംഗൻവാടികളിലും 28 സ്കൂളുകളിലും പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും അംഗൻവാടികളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി അഞ്ച് ഇനം പച്ചക്കറി വിത്തുകൾ അടങ്ങുന്ന വിത്ത് പാക്കറ്റുകൾ കുടുംബശ്രീ നൽകുന്നുണ്ട്. ഇതിനുപുറമെ പ്രാദേശികമായി ലഭ്യമാകുന്ന പച്ചക്കറി-പഴവർഗങ്ങളുടെ നടീൽ വസ്തുക്കളും ഉപയോഗിച്ച് സ്കൂളുകളും അംഗൻവാടികളും തങ്ങളുടെ പോഷകത്തോട്ടങ്ങൾ വൈവിധ്യവത്കരിക്കുന്നുണ്ട്.
പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കൊട്ടേക്കാട് ഗവ. എൽ.പി സ്കൂളിലെ പോഷകത്തോട്ടത്തിൽ പച്ചക്കറി വിത്തുകളും ഔഷധ സസ്യങ്ങളും നട്ടുകൊണ്ട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത നിർവഹിച്ചു. കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫിസർ ഡോ. എസ്. ഷാനവാസ് മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.ബി. രാജു, പ്രധാനധ്യാപകൻ മുഹമ്മദ് മുട്ടത്ത്, പി.ടി.എ പ്രസിഡന്റ് കെ.സി. ഗൗതമൻ, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർമാരായ എസ്. ഗ്രീഷ്മ, ലക്ഷ്മി രാജ്, ബ്ലോക്ക് കോഓഡിനേറ്റർമാർ, റിസോഴ്സ് പേഴ്സൻമാർ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.