വടക്കഞ്ചേരി: അയിലൂർ,വണ്ടാഴി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നേർച്ചപ്പാറയിൽ കടുവയുടെ സാന്നിധ്യം ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു. കടുവയെ കൂടുവെച്ച് പിടികൂടി പ്രദേശത്തുനിന്ന് മാറ്റണമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷനും (കിഫ) നേർച്ചപ്പാറ സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു.
സണ്ണി താഴത്തേലിന്റെ പുരയിടത്തിൽ രാവിലെ കടുവയെ കണ്ടതിനെ തുടർന്ന് കിഫയുടെയും നേർച്ചപ്പാറ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പ്രദേശവാസികൾ യോഗം ചേർന്നു.
60-ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖലയിൽ അടിയന്തരമായി ദ്രുതപ്രതികരണ സേനയുടെ (RRT) സേവനം ലഭ്യമാക്കണമെന്നും, അപകടകാരിയായ കടുവയെ ഉടൻ കൂടുവെച്ച് പിടികൂടി മാറ്റണമെന്നും യോഗം നെന്മാറ ഡി.എഫ്.ഒ.യോട് ആവശ്യപ്പെട്ടു.
നേർച്ചപ്പാറ സംരക്ഷണ സമിതി പ്രസിഡന്റ് തോമസ്, കിഫ ഭാരവാഹികളായ അനീസ് തോമസ്, സാജു വാഴയാരിക്കൽ, ഡോ. സിബി സക്കറിയാസ്, സണ്ണി താഴത്തേൽ തുടങ്ങിയവർ സംസാരിച്ചു. ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും രംഗത്തെത്തി.
വനംവകുപ്പ് സൗരോർജ്ജ വേലി സ്ഥാപിച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്ന് നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് വിനോദ് ചക്രപാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം കെ.എ. മുഹമ്മദ് കുട്ടി സംസാരിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.