പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളും കോൺക്രീറ്റ് സ്ലാബുകളും നിറഞ്ഞ കൊല്ലങ്കോട് ബസ് സ്റ്റാൻഡ്

സ്റ്റാൻഡിൽ കോൺക്രീറ്റ് സ്ലാബുകളും തൊണ്ടി വാഹനങ്ങളും; ബസുകൾക്ക് ഇടമില്ല

കൊല്ലങ്കോട്: ബസ് സ്റ്റാൻഡിൽ കോൺക്രീറ്റ് സ്ലാബുകളും പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളും നിറഞ്ഞു. ബസുകൾക്ക് സ്റ്റാൻഡിനകത്ത് കയറി ഇറങ്ങുവാൻ സ്ഥലമില്ലാതായി. ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല എന്ന പരാതിയും വ്യാപകമായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഓടകളിൽ സ്ഥാപിക്കുവാനുള്ള സ്ലാബുകൾ കോൺക്രീറ്റ് ചെയ്ത് മാസങ്ങളായി ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ നിരത്തിയിട്ടിരിക്കുകയാണ്.

സ്ഥലം അപഹരിച്ച ടിപ്പറുകളും സ്ലാബുകളും ഇഴജന്തുക്കളുടെ താവളമായി മാറിയത് യാത്രക്കാർക്ക് ദുരിതമാണ്. മുതലമടയിലെ അനധികൃത ക്വാറികളിൽ നിന്നും റവന്യൂ, പൊലീസ് എന്നിവ പിടികൂടി നിർത്തിയിട്ടിരിക്കുന്ന ടിപ്പറുകളും ട്രാക്ടറുകളും സ്റ്റാൻഡിൽനിന്നും മാറ്റാത്തത് ബസുകൾക്ക് സ്റ്റാൻഡിൽ കയറാൻ തടസ്സമാണ്. ബസുകൾ സ്റ്റാൻറിൽ വന്ന് നിർത്തിയിടുവാനുള്ള സൗകര്യങ്ങൾ കുറഞ്ഞിരിക്കുകയാണ്.

നിലവിൽ ബസുകളിൽ 15 ശതമാനം മാത്രമാണ് സ്റ്റാൻഡിൽ കയറുന്നത്. ഭൂരിഭാഗം ബസ്സുകളും കയറാതെ പോകുന്ന അവസ്ഥയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് ബസ് സ്റ്റാൻഡ് നിർമിച്ച് വർഷങ്ങളായിട്ടും കൃത്യമായി പ്രവർത്തിപ്പിക്കുവാൻ സാധിച്ചിട്ടില്ല. സ്റ്റാൻഡിനെ നല്ല രീതിയിൽ പ്രവർത്തിപ്പിക്കുവാൻ നാലു വർഷങ്ങൾക്കു മുമ്പ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനങ്ങൾ എടുത്തെങ്കിലും നടപ്പായില്ല.

ബസുകളെല്ലാം കൃത്യമായി സ്റ്റാൻറിൽ കയറണമെന്നുള്ള തീരുമാനം ഇപ്പോഴും നടപ്പാകാതെ ഫയലിലാണ്. 12ൽ അധികം കടമുറികളുള്ള ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ മാവേലി സ്റ്റോറും ആയുർവേദ മെഡിക്കൽ കേന്ദ്രവും പ്രവർത്തിക്കുന്നതൊഴിച്ചാൽ മറ്റുള്ള സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. പഞ്ചായത്തിന്റെ ഏറ്റവും നല്ല വരുമാന മാർഗമായ സ്റ്റാൻഡിൽ ബസുകളെല്ലാം വരുകയാണെങ്കിൽ കൂടുതൽ കോംപ്ലക്സ് നിർമിക്കുവാനും വരുമാനം വർധിപ്പിക്കാനും സാധിക്കും. ബൈപ്പാസിനായി സ്വകാര്യ വ്യക്തി സ്ഥലം പഞ്ചായത്തിന് കൈമാറിയെങ്കിലും നിർമ്മാണ പ്രവർത്തനം നടന്നിട്ടില്ല. 

Tags:    
News Summary - Trucks Block Bus Stand, No Space for Buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.