മണ്ണൂരിൽ പുലിയെ കണ്ടെന്ന് പറഞ്ഞ പ്രദേശം ഡ്രോൺ പറത്തി നിരീക്ഷിക്കുന്നു 

മണ്ണൂരിൽ കണ്ട കാൽപാടുകൾ പുലിയുടേതല്ലെന്ന് വനംവകുപ്പ്

മണ്ണൂർ: മണ്ണൂരിലും പരിസരങ്ങളിലും പുലിയെ കണ്ടെന്ന സംഭവവുമായി ബന്ധപ്പെട്ട് ജനം ആശങ്കപ്പെടേണ്ടതില്ലെന്ന് വനം വകുപ്പിലെ ആർ.ആർ.ടി വിഭാഗം അറിയിച്ചു. പരിസരങ്ങളിൽ കണ്ട കാൽപാടുകൾ പുലിയുടേതല്ലെന്ന് വനം വകുപ്പ് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ പരിസരങ്ങളിലെവിടേയും വളർത്തു മൃഗങ്ങളെയൊന്നും തന്നെ പിടിക്കുകയോ അക്രമിക്കുകയോ നഷ്ടപ്പെടുകയോ ഉണ്ടായിട്ടില്ല. ജനവാസ മേഖലയിൽ എത്തിപ്പെടാനും സാധ്യതയില്ല. കഴിഞ്ഞ ദിവസം പറയങ്കാട് കണ്ട അതേജീവി തന്നെയായിരിക്കാം വിദ്യാർഥി ഇവിടെയും കണ്ടിരിക്കാൻ സാധ്യത.

വിദ്യാർഥി പുലിയെ കണ്ടുവെന്ന് പറയുന്നത് വലിയ വരയുള്ള കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നും വനം വകുപ്പ് പറയുന്നു. പുലിയോട് സാദൃശ്യമുള്ള വലിയ കാട്ടുപൂച്ചകൾ വ്യാപകമായി നമ്മുടെ സ്ഥലങ്ങളിൽ ഉണ്ട്. കഴിഞ്ഞ ദിവസം പുലിയെ കണ്ടെന്ന് പറയുന്ന സ്ഥലം, വീട് എന്നിവയും സമീപ സ്ഥലങ്ങളും ഡ്രോൺ പറത്തി പരിശോധന നടത്തി. സംശയാസ്പദമായ മൃഗത്തേയോ മൃഗങ്ങളുടെ അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. പറയങ്കാട് കണ്ട കാൽപാടുകൾ പുലിയുടേതല്ലെന്നും വനംവകുപ്പ് പറയുന്നു.

ഒലവക്കോട് ആർ.ആർ.ടി ടീമിന്റെ കീഴിലുള്ള നാലംഗ സംഘമാണ് മണ്ണൂർ യാക്കര ക്ഷേത്രത്തിന് സമീപം എത്തി ഡ്രോൺ പറത്തി പരിശോധനക്ക് നേതൃത്വം നൽകിയത്. രണ്ടു ദിവസം മുമ്പ് രണ്ടു സ്ത്രീകളും കഴിഞ്ഞ ദിവസം വിദ്യാർഥിയും പുലിയെ കണ്ടെന്ന് പറഞ്ഞതോടെ ജനം ആശങ്കയിലായിരുന്നു. 

Tags:    
News Summary - Mannur Footprints Not Tiger, Says Forest Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.