ചെമ്മണാമ്പതി-തേക്കടി വനപാതയിലെ സർവേ മുതലമട പഞ്ചായത്ത് പ്രസിഡൻറ് തിരുചന്ദ്രൻ ഉൾപ്പെടെ ജനപ്രതിനിധികൾ സന്ദർശിച്ചപ്പോൾ
പറമ്പിക്കുളം വനപാത സർവേ പുരോഗമിക്കുന്നു
പറമ്പിക്കുളം: കേരളത്തിലൂടെ പറമ്പിക്കുളത്തേക്കുള്ള വനപാതയുടെ സർവേ പുരോഗമിക്കുന്നു. തടസ്സങ്ങളില്ലാതെ പദ്ധതി നടപ്പാക്കണമെന്ന് ഊര് വാസികൾ ആവശ്യപ്പെട്ടു. ചെമ്മണാമ്പതി മുതൽ പറമ്പിക്കുളം തേക്കടിയിലെ മുടിവായ് വരെ 3.800 കിലോമീറ്റർ വനപാത നിർമിക്കാനുള്ള രണ്ടാമത്തെ ഡി.പി.ആർ തയാറാക്കലാണ് പുരോഗമിക്കുന്നത്.
വനപാത നിർണയിക്കുന്ന നടപടി എങ്ങുമെത്താത്ത സാഹചര്യത്തിൽ ആവശ്യമായ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി കെ.എ. തുളസി അറിയിച്ചതിന്റെ ഭാഗമായാണ് നിലവിൽ കാട് വെട്ടിത്തെളിച്ച് സർവേ ആരംഭിച്ചിട്ടുള്ളത്. വനപാതയിൽ തൊഴിലുറപ്പ് പണി ഉപയോഗപ്പെടുത്തി ആദിവാസികൾ വഴികൾ വെട്ടിതെളിച്ച പ്രദേശത്താണ് സർവേ. 0.9975 ഹെക്ടർ ഭൂമിയാണ് 3800 മീറ്റർ ദൂരം വനപാതക്കായി വനംവകുപ്പ് വിട്ടുനൽകുന്നത്. മുടിവായ്ക്കു സമീപം വൻ പാറക്കെട്ടുകൾ മാറ്റാതെ വഴി നിർമിക്കാനുള്ള സാധ്യതയും പഠനത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. പാറക്കെട്ടുകൾ ഉള്ള പ്രദേശത്ത് വളവുകളിൽ വശങ്ങൾ കരിങ്കല്ല് കൊണ്ട് ബണ്ട് നിർമിച്ച് നീരൊഴുക്കു തടസ്സമാകാതെ വനപാത യാഥാർഥ്യമാക്കണമെന്ന് തേക്കടി ഊരുവാസികൾ ആവശ്യപ്പെട്ടു.
2020 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് ചെമ്മണാമ്പതിയിൽനിന്ന് പറമ്പിക്കുളം തേക്കടിയിലേക്ക് വഴിവെട്ടൽ സമരവുമായി പറമ്പിക്കുളത്തെ ഊരുമൂപ്പൻ മാരുടെ സാന്നിധ്യത്തിൽ ആദിവാസികൾ രംഗത്തിറങ്ങിയത്. പൊലീസ്, വനം ഉദ്യോഗസ്ഥരുടെ ഭീഷണിയും കേസെടുക്കലും വകവെക്കാതെ അവർ 1300 മീറ്ററിലധികം ദൈർഘ്യത്തിൽ വഴിവെട്ടിയ സമരമാണ് നിലവിൽ കേരളത്തിലൂടെ വഴി തെളിയുന്നത്. സമരകാലയളവിൽ 700 കേസുകളാണ് ആദിവാസികൾക്കെതിരെ വനം വകുപ്പ് എടുത്തത്. നിലവിൽ സർവേയും റോഡ് നിർമാണവും പൂർത്തീകരിക്കുന്നതുവരെ തടസ്സമില്ലാതെ മുന്നോട്ട് പോകണമെന്നാണ് പറമ്പിക്കുളം വാസികളുടെ ആവശ്യം. അതിനിടെ, ചെമ്മണാമ്പതി-തേക്കടി വനപാത സർവേ പുരോഗമിക്കുന്ന പ്രദേശം ജനപ്രതിനിധികൾ സന്ദർശിച്ചു. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. തിരുചന്ദ്രൻ സ്ഥിരം സമിതി അംഗം മുഹമ്മദ് മൂസ, അംഗങ്ങളായ കെ. വിനീഷ്, നന്ദിനി തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.