ഗായത്രി പുഴക്ക് കുറുകെ ആലത്തൂർ തൃപ്പാളൂരിൽ നിർമിച്ച തൂക്കുപാലത്തിന്റെ കൈവരിഭാഗത്തെ പൈപ്പ് വെൽഡിങ് വേർവിട്ട നിലയിൽ
ആലത്തൂർ: ഉദ്ഘാടനം നടത്തിയ ദിവസം തന്നെ തൂക്ക് പാലത്തിന്റെ കൈവരി പൈപ്പുകളുടെ വെൽഡിങ് വിട്ടു. ഇത് പാലത്തിന് സുരക്ഷ ഭീഷണി ഉയർത്തുന്നു. എരിമയൂർ ഗ്രാമപഞ്ചായത്തിലെ തൃപ്പാളൂർ തേനാരി പറമ്പിൽനിന്ന് ഗായത്രി പുഴക്ക് കുറുകെ ശിവക്ഷേത്രത്തിലേക്ക് നിർമിച്ചിട്ടുള്ള തൂക്ക് പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്.
പാലത്തിന്റെ കൈവരിയായി സ്ഥാപിച്ചിരുന്ന ചില പൈപ്പുകളുടെ വെൽഡിങ് വിട്ടതിനാൽ പൈപ്പ് എടുത്ത് താഴെ വെച്ചിരുന്നു. അവസാനഘട്ട പണിയിലും വെൽഡിങ് വിട്ടത് പരിഹരിച്ചിരുന്നില്ല. കൈവരി ഘടിപ്പിച്ചിട്ടുള്ള തൂണിലെ വെൽഡിങ് കയറ് കൊണ്ട് കെട്ടിവെച്ച സ്ഥിതിയിലായിരുന്നു. അതാണ് മാധ്യമം നേരത്തേ വാർത്തയാക്കിയത്.
തിങ്കളാഴ്ച ദീപാവലി വാവ് ആയതിനാൽ ക്ഷേത്രത്തിലേക്ക് നൂറ് കണക്കിനാളുകൾ പുതിയ തൂക്ക് പാലം വഴിയാണ് സഞ്ചരിച്ചത്. പരിധിയിൽ കവിഞ്ഞ അളവിൽ ആളുകൾ പാലത്തിൽ കയറിയതോടെ പാലത്തിന് കുലുക്കവും ആട്ടവും വന്നതിനെ തുടർന്നാണ് കൂടുതൽ പൈപ്പുകളിലെ വെൽഡിങ്ങ് വിടാൻ കാരണമായത്.
പാലത്തിന്റെ ശേഷിയനുസരിച്ച് ആളെ നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നില്ല. പാലം നിർമിച്ചിട്ടുള്ള പൈപ്പുകൾ തമ്മിലുള്ള അകലം കൂടുതലായതിനാൽ കുട്ടികൾ പുഴയിലേക്ക് വീഴാൻ സാധ്യതയുണ്ട്. ഇവിടെ കമ്പി വല സ്ഥാപിക്കേണ്ടതുണ്ട്. 2022 ഏപ്രിൽ 25ന് ശിലാസ്ഥാപനം നടത്തിയ പാലം ഒക്ടോബർ 20 നാണ് ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.