ചെറാട്ട് ഭീതി വിതച്ച പുലി വനംവകുപ്പിന്റെ കൂട്ടിലായി
അകത്തേത്തറ: ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ ഭീതി വിതച്ച പുള്ളിപ്പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. അകത്തേത്തറ ചെറാട് ശാസ്ത നഗറിനടുത്ത് മൈത്രി നഗറിൽ കേന്ദ്ര സർക്കാർ ഗ്രീൻഫീൽഡ് പാതക്ക് ഏറ്റെടുത്ത സ്ഥലത്ത് 20 ദിവസം മുൻപ് വനപാലകർ ഒരുക്കിയ ഇരുമ്പ് കൂട്ടിലാണ് ഏകദേശം നാല് വയസ്സ് പ്രായമുള്ള പെൺപുലി കുടുങ്ങിയത്. വനം വാളയാർ റെയ്ഞ്ച് ഓഫിസ് പരിധിയിൽ ശനിയാഴ്ച പുലർച്ചെ 4.30ഓടെയാണ് സംഭവം. ഉടനെ പ്രദേശവാസികൾ വനപാലകരെ വിവരമറിയിച്ചു.
സംഭവ സ്ഥലത്തെത്തിയ വനപാലകരും ദ്രുത പ്രതികരണ സേനയും പുലിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. പാലക്കാട് ഡി.എഫ്.ഒ രവികുമാർ മീണയുടെ നിർദ്ദേശപ്രകാരം കെണിയിലകപ്പെട്ട പുലിയെ വനം വകുപ്പിന്റെ ധോണി വന്യജീവി പരിപാലന കേന്ദ്രത്തിലെത്തിച്ചു. വനം വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം പുലിയെ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. ഡോക്ടറുടെ നിർദ്ദേശപ്രകാരം തുടർനടപടി സ്വീകരിക്കും.
കഴിഞ്ഞ ഒരു വർഷക്കാലമായി ചേറാടും പരിസരങ്ങളിലും നിരവധി വളർത്തുമൃഗങ്ങളെ പുലി പിടികൂടി കൊന്ന് തിന്ന അനുഭവമുണ്ട്. കഴിഞ്ഞ മാസം 21ന് നാട്ടിലിറങ്ങിയ പുലിയുടെ ആക്രമണത്തിൽ അകത്തേത്തറ മൈത്രി നഗർ ബാബുവിന്റെ വളർത്തുനായക്ക് പരിക്കേറ്റിരുന്നു.
സപ്തംബർ 27നും മറ്റൊരു വളർത്ത് നായയെ പുലി കൊന്നുതിന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥലം പരിശോധിച്ച വനപാലകർ പുലിയുടേതെന്ന് സാദൃശ്യമുള്ള കാൽപാടുകൾ കണ്ടെത്തി. നിരീക്ഷണ കാമറ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് പുലിക്കൂട് സ്ഥാപിക്കുന്നതിന് അനുമതിക്കായി വാളയാർ വനം റെയിഞ്ച് ഓഫിസർ ടി.എസ്. ശ്യാമ പാലക്കാട് ഡി.എഫ്.ഒക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഡി.എഫ്.ഒ കേരള മുഖ്യവനപാലകന്റെ അനുമതി തേടി കത്തയച്ചു. ഇതോടെയാണ് ചേറാട് ഭാഗത്ത് പുലി കൂട് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.