വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയ യുവാവ് അറസ്റ്റിൽ
പട്ടാമ്പി: വിവാഹ വാഗ്ദാനം നൽകി പട്ടാമ്പി സ്വദേശിയായ യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഷിബിലിയാണ് (30) അറസ്റ്റിലായത്. മാട്രിമോണിയൽ സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയയിലൂടെയും വിവാഹമോചിതരായ സ്ത്രീകളെയും യുവതികളെയും പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപയും സ്വർണവും തട്ടിയെടുത്ത് മുങ്ങുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നതാണ് പ്രതിയുടെ രീതി. പട്ടാമ്പി സ്വദേശിനിയായ യുവതിക്ക് 16 ലക്ഷം രൂപയാണ് ഇങ്ങനെ നഷ്ടപ്പെട്ടത്.
സമാനമായ കേസിൽ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് പെരിന്തൽമണ്ണ ജയിലിൽ കഴിയുകയായിരുന്നു പ്രതി. കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് ഷിബിലി മാട്രിമോണിയൽ സൈറ്റുകളിലും സോഷ്യൽ മീഡിയയിലും വ്യാജ പ്രൊഫൈലുകൾ നിർമിച്ച് തട്ടിപ്പ് നടത്തിയിരുന്നത്. അന്വേഷണത്തിൽ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ സമാനമായ 10ഓളം കേസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ മാത്രം ഒരു കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.