പറമ്പിക്കുളം ഡാം തുറന്നപ്പോൾ
പാലക്കാട്: ജില്ലയിൽ മലയോരമേഖലകൾ കേന്ദ്രീകരിച്ച് ശക്തമായി കാലവർഷം. ആഗസ്റ്റ് രണ്ടുമുതൽ നാലുവരെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. പലയിടത്തും മരങ്ങൾ വീണ് വീട് തകർന്നു. വൈദ്യുതി തൂണുകൾക്ക് മേൽ മരച്ചില്ലകളും മറ്റും വീണ് വിദൂരമേഖലകളിൽ വൈദ്യുതി തടസ്സപ്പെട്ടു. റോഡരികിൽ നിന്ന മരങ്ങൾ കടപുഴകി ഗതാഗത തടസ്സവുമുണ്ടായി. ജില്ലയിലെ പ്രധാന നദികളിലെല്ലാം ജലനിരപ്പുയർന്നിട്ടുണ്ട്.
24 മണിക്കൂറിലധികമായി നെല്ലിയാമ്പതിയിൽ തുടരുന്ന മഴയിൽ അഞ്ചിടത്ത് ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലുണ്ടായി. മഴ തുടരുന്നതോടെ നെല്ലിയാമ്പതി പാടഗിരി പാരിഷ് ഹാളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഏഴ് കുടുംബങ്ങളിലായി 37 പേരെ മാറ്റിപ്പാർപ്പിച്ചു. അയലൂർ പഞ്ചായത്തിലെ കരിമ്പാറ, മരുതഞ്ചേരി ഭാഗങ്ങളിൽ കനത്ത മഴയിൽ വീടുകളിൽ മലവെള്ളം കയറിയതിനെ തുടർന്ന് 14 കുടുംബങ്ങളെ കരിമ്പാറ പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മംഗലം ഡാം വില്ലേജിലെ കടപ്പാറ, തളികക്കല്ല് ആദിവാസി കോളനിയിൽ നാല് വീടുകളിലെ 17 അംഗങ്ങളെ തളികക്കല്ലിലെ പുതിയ അംഗൻവാടിയിൽ തുറന്ന ക്യാമ്പിലേക്ക് മാറ്റി. എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്തുകളിലായി 200 ഹെക്ടർ പച്ചക്കറി കൃഷി വെള്ളത്തിലായി. ജില്ലയിലെ ഏഴ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നതായി അധികൃതർ അറിയിച്ചു.
ഡാമുകളിൽ ജാഗ്രത
വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതോടെ ജില്ലയിലെ ഡാമുകളിൽ ജാഗ്രതയുടെ ഭാഗമായി പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് വർധിപ്പിച്ചു. മംഗലം, മീങ്കര ഡാമുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്പിൽവേ ഷട്ടറുകൾ ചൊവ്വാഴ്ച ഉച്ചയോടെ തുറന്നു.പോത്തുണ്ടി പുഴയുടെ തീരത്തുള്ളവരും കുന്തിപ്പുഴയുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
കാഞ്ഞിരപ്പുഴ ഡാം
(നിലവിൽ മൂന്ന് സ്പിൽവേ ഷട്ടറുകൾ 50 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്.)
നിലവിലെ ജലനിരപ്പ് - 93.85 മീറ്റര്‍
പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍
മലമ്പുഴ ഡാം
നിലവിലെ ജലനിരപ്പ് - 111.850 മീറ്റര്‍
പരമാവധി ജല സംഭരണ നില - 115.06 മീറ്റര്‍
മംഗലം ഡാം
നിലവിലെ ജലനിരപ്പ് - 77.190 മീറ്റര്‍
പരമാവധി ജല സംഭരണ നില - 77.88 മീറ്റര്‍
പോത്തുണ്ടി ഡാം
(സ്പിൽവേ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനം)
നിലവിലെ ജലനിരപ്പ് - 104.770 മീറ്റര്‍
പരമാവധി ജല സംഭരണ നില - 108.204 മീറ്റര്‍
മീങ്കര ഡാം
നിലവിലെ ജലനിരപ്പ് - 155.630 മീറ്റര്‍
പരമാവധി ജലസംഭരണ നില - 156.36 മീറ്റര്‍
ചുള്ളിയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 150.880 മീറ്റര്‍
പരമാവധി ജല സംഭരണ നില - 154.08 മീറ്റര്‍
വാളയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 199.840 മീറ്റര്‍
പരമാവധി ജല സംഭരണ നില - 203 മീറ്റര്‍
ശിരുവാണി ഡാം
നിലവിലെ ജലനിരപ്പ് - 875.110 മീറ്റര്‍
പരമാവധി ജല സംഭരണ നില - 878.5 മീറ്റര്‍
മൂലത്തറ റെഗുലേറ്റര്‍
നിലവിലെ ജലനിരപ്പ് - 182.110 മീറ്റര്‍
പരമാവധി ജല സംഭരണ നില - 184.65 മീറ്റര്‍
പറമ്പിക്കുളം ഡാം തുറന്നു
കൊല്ലങ്കോട്: പറമ്പിക്കുളം ഡാം തുറന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 68.58 അടിയിൽ എത്തിയതോടെയാണ് മൂന്ന് ഷട്ടറുകളും തുറന്നത്. പരമാവധി സംഭരണ ശേഷി 72 അടിയാണ്. ചാലക്കുടി പുഴയിലേക്കാണ് ഡാമിലെ നീരൊഴുക്ക്. 5656 ഘനയടി വെള്ളം ഡാമിലേക്കും 5441 ഘനയടി വെള്ളം ഡാമിന് പുറത്തേക്കും വിടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
മഴയുടെ ശക്തി കൂടുന്നതനുസരിച്ച് ഷട്ടറുകൾ കൂടുതലായി ഉയർത്തും. കോണ്ടൂർ കനാൽ വഴി ആളിയാർ ഡാമിലേക്കും പുഴയിലൂടെ ചിറ്റൂർ പുഴയിലേക്കും പറമ്പിക്കുളം ഗ്രൂപ് ഡാമുകളിൽനിന്ന് പുറത്തേക്കും നീരൊഴുക്കുണ്ട്. ആളിയാർ ഡാമിൽ നിലവിൽ 113.4 അടിയാണ് ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 120 അടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.