മുണ്ടൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ ഭൗതിക ശരീരം അവസാനമായി ഒരുനോക്ക് കാണാൻ മാതാവ് സ്ട്രെച്ചറിൽ എത്തിയ കാഴ്ച കണ്ട് നിന്നവരുടെ കണ്ണുകളെയെല്ലാം ഈറനണിയിച്ചു. അലന്റെ സഹോദരി ആൻ മേരി വാവിട്ട് നിലവിളിച്ചു. അമ്മക്ക് ഈ കാഴ്ച എങ്ങനെ സഹിക്കാനാവും എന്ന് പറഞ്ഞാണ് അലമുറയിട്ട് കരഞ്ഞത്.
കുട്ടാ..... അമ്മ വന്ന ടാ ഒന്ന് നോക്ക് എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഇവരുടെ വാക്കുകളും ദുഃഖം തളം കെട്ടിയ അന്തരീക്ഷവും അന്ത്യദർശനത്തിനെത്തിയവരുടെ ഉള്ളുലച്ചു. ഈറൻ മിഴികളോടെ മാതാവ് വിജി മകന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കണ്ടു. ദുഃഖം നിയന്ത്രിക്കാനാവാതെ കണ്ണ് നീർ ധാരയായി കവിൾ തടത്തിലൂടെ ഒഴുകി. മുറിവുകളുടെ വേദന കടിച്ചമർത്തി ഉയർത്തിയ ഇരുകൈകളും മകന്റെ വേർപാടിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.
കഴിഞ്ഞദിവസം കയറംകോട്-കണ്ണാടി ചോല റോഡിൽ അലനും അമ്മ വിജിയും വീട്ടിലേക്കുള്ള അവശ്യ സാധനങ്ങളുമായി കടയിൽ പോയി വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ കാട്ടാനയുടെ ആക്രമണത്തിൽ അലൻ മരിച്ചത്. ആക്രമണത്തിൽ മാതാവ് വിജിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ചെവിക്കും കഴുത്തിനും സാരമായി പരിക്കേറ്റ വിജി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
അലന്റെ വീട്ടുകാരുടെ ആവശ്യപ്രകാരമാണ് മകന്റെ ഭൗതിക ശരീരം കാണാൻ ആംബുലൻസിൽ സ്ട്രെച്ചറിലെത്തിച്ചത്. 10 മിനിറ്റ് മാത്രമാണ് സൗകര്യമൊരുക്കിയത്. അന്തിമോപാചാരം അർപ്പിക്കാനെത്തിയവരുടെ ബാഹുല്യം കാരണം പ്രത്യേക ക്രമീകരണങ്ങളോടെയായിരുന്നു ഒരു നോക്ക് കാണാൻ മാതാവിനെ എത്തിച്ചത്.
ഭൗതിക ശരീരം ഒരു നോക്ക് കാണാൻ കണ്ണാടി ചോലയിലെ വീട്ടുമുറ്റത്തേക്ക് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ-സാമൂഹിക-രാഷ്ട്രീയ-മത സാംസ്കാരിക രംഗത്തുള്ള പ്രമുഖരുൾപ്പെടെയുള്ള ജനസഞ്ചയമെത്തി. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽനിന്ന് ചൊവ്വാഴ്ച രാവിലെ 8.15ന് മൃതദേഹം പൊതുദർശനത്തിനെത്തിച്ചു. വീട്ടിലെ അന്തിമ ശുശ്രൂഷ ചടങ്ങൾക്കുശേഷം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ മൈലംപുള്ളി ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.
എം.എൽ.എമാരായ രാഹുൽ മാങ്കൂട്ടത്തിൽ, എ. പ്രഭാകരൻ, മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. സജിത, വൈസ് പ്രസിഡന്റ് വി.സി. ശിവദാസ്, മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക, ജില്ല പഞ്ചായത്ത് അംഗം എ. പ്രശാന്ത്, ഒലവക്കോട് വനം റേഞ്ച് ഓഫിസർ ഇ. ഇമ്റോസ് ഏലിയാസ് നവാസ്, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മുണ്ടൂർ ഏരിയ സെക്രട്ടറി സി.ആർ. സജീവ്, പി.എ. ഗോകുൽദാസ്, സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ. വാസു, ജമാഅത്തെ ഇസ്ലാമി പറളി ഏരിയ പ്രസിഡന്റ് സലീം മുണ്ടൂർ, വെൽഫെയർ പാർട്ടി മലമ്പുഴ മണ്ഡലം പ്രതിനിധി അൻവർ, തൃണമുൽ കോൺഗ്രസ് ജില്ല കോഓഡിനേറ്റർ ജി ഷാർ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ.സി. റിയാസുദ്ദീൻ, പാലക്കാട് രൂപത ബിഷപ് പീറ്റർ കൊച്ചുപുരക്കൽ, പാസ്റ്റർ ഐസക് ജോൺ, പ്രഫ. ഫൈസൽ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
മുണ്ടൂർ: അലന്റെ മൃതശരീരം പൊതുദർശനത്തിനുവെച്ചപ്പോൾ കാണാനെത്തിയ മുത്തശ്ശിയും പിതാവ് ജോസഫിന്റെ മാതാവുമായ അന്നമ്മക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ല. പൊന്നുമോനേ മുമ്പേ പോയല്ലോ എന്ന് പറഞ്ഞ് അന്നമ്മ വിലപിക്കുന്നുണ്ടായിരുന്നു.
ഭൗതിക ശരീരത്തോടൊപ്പം ഇരുന്ന പിതാവ് ജോസഫിനും സഹോദരി ആൻ മേരിയും മുത്തശ്ശിയോടൊപ്പം കരച്ചിലടക്കിപ്പിടിക്കാനാവാതെ വാവിട്ട് കരഞ്ഞ് കൊണ്ടിരുന്നു. ഇത് കണ്ടവരെയെല്ലാം ഈറനണിയിച്ചു. ഇവരെ സമാശ്വാസിപ്പിക്കാൻ ബന്ധുമിത്രാധികളെപ്പോലെ നാട്ടുകാരും നന്നേ പാടുപ്പെട്ടു.
മുണ്ടൂർ: സ്വപ്നങ്ങൾ ബാക്കിയാക്കി അലൻ യാത്രയായി. കാട്ടാനയുടെ ആക്രമണത്തിൽ അകാലത്തിൽ മരിച്ച അലനെന്ന യുവാവിന് നല്ലൊരു ജോലി, മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിങ്ങനെയുള്ള മോഹങ്ങൾ ഉണ്ടായിരുന്നു. വീടിനൊരു അത്താണിയാവാനുള്ള അദമ്യമായ ആഗ്രഹവും പരിശ്രമവും തുടരുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണത്തിനിരയായി ജീവൻ പൊലിയുന്നത്. കഴിഞ്ഞമാസം 31നാണ് കൊല്ലം അസംബ്ലിസ് ഓഫ് ഗോഡ് എന്ന സ്ഥാപനത്തിലെ ജോലി നിർത്തി വരാനിരിക്കുള്ള ജോലിക്കുള്ള പരീക്ഷക്കുള്ള തയാറാടെപ്പിനായി നാട്ടിലെത്തിയത്.
പിതാവ് ജോസഫ് നിർമാണ തൊഴിലാളിയാണ്. ഏകദേശം 25 വർഷം മുമ്പാണ് ജോസഫും കുടുംബവും കണ്ണാടി ചോലയിൽ പിതാവ് മാത്യുവിന്റെ സ്വത്ത് വിഹിതമായി കിട്ടിയ സ്ഥലത്ത് വീട് വെച്ച് താമസം തുടങ്ങിയത്. കോട്ടയം പാമ്പാടി ചമ്പക്കര പ്രദേശത്ത് നിന്നാണ് ഇവർ മുണ്ടൂരിലെത്തിയത്. ആത്മീയ കാര്യങ്ങളിലും മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും അലൻ ശുഷ്കാന്തി കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.