പാലക്കാട്: ജില്ലയിലേക്ക് ലഹരി ഉൽപന്നങ്ങൾ ഒഴുകുന്നു. കഴിഞ്ഞ 14 മാസത്തിൽ 550 എൻ.ഡി.പി.എസ് കേസുകളാണ് ജില്ലയിൽ പിടികൂടിയത്. ഇത്രയും കേസുകളിലായി 415 പേരെ അറസ്റ്റ് ചെയ്തു. 2024 ജനുവരി മുതൽ 2025 ഫെബ്രുവരി വരെയുള്ള എക്സൈസിന്റെ കണക്കുപ്രകാരമാണിത്. 1436.428 കിലോ ഗ്രാം കഞ്ചാവ്, 2433 കഞ്ചാവ് ചെടി, രണ്ട് കഞ്ചാവ് ബീഡി, 436.952 ഗ്രാം ഹെറോയിൻ, 35 ഗ്രാം ഹാഷിഷ്, 2660.960 ഗ്രാം ഹാഷിഷ് ഓയിൽ, 10.800 ഗ്രാം എം.ഡി.എം.എ, 880.585 ഗ്രാം മെത്തഫെറ്റമിൻ എന്നിങ്ങനെയും ഇക്കാലയളവിൽ പിടികൂടി. 27.120 ഗ്രാം നെട്രോസെഫാം ഗുളികകളും പിടികൂടിയിട്ടുണ്ട്. 15,428 പരിശോധനകളാണ് എക്സൈസ് നേതൃത്വത്തിൽ ഇക്കാലയളവിൽ നടത്തിയത്. 473 റെയ്ഡുകൾ മറ്റ് വകുപ്പുകളുമായി സഹകരിച്ചും നടത്തി.
2087 അബ്കാരി കേസുകളിലായി 1796 പേരെയാണ് അറസ്റ്റു ചെയ്തത്. 100 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. 29,060 രൂപ പിടികൂടി. 7706 കോട്പ കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്രയും കേസുകളിലായി 7219 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവരിൽനിന്ന് 15,36,000 രൂപ പിഴ ഈടാക്കി. കോട്പ നിയമപ്രകാരം 2619.090 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. 4106 ലിറ്റർ സ്പിരിറ്റ്, 894.650 ലിറ്റർ ചാരായം, 7934.350 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 123.500 ലിറ്റർ ബിയർ, 14,276 ലിറ്റർ കള്ള്, 64,364 വാഷ്, 66.060 ലിറ്റർ വ്യാജമദ്യം, 357.300 ലിറ്റർ അന്യസംസ്ഥാന മദ്യം എന്നിവയും പിടികൂടി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പരിശോധനയിൽ 1,14,19,000 രൂപയും എക്സൈസ് പിടികൂടിയിരുന്നു. ഇതിനുപുറമേ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബാറുകൾ, കള്ള് ഷാപ്പുകൾ, ലേബർ ക്യാമ്പുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് ലഹരി കേസുകൾ പിടികൂടുന്നതിന്റെ എണ്ണം കൂടുതലാണ്. വേലന്താവളം, കുപ്പാണ്ടകൗണ്ടനൂര്, അനുലൂര്, വില്ലുണി, എല്ലംപാട്ടം കോവില്‍, നടപ്പുണി, ഗോപാലപുരം, സ്രാമ്പി, മോളക്കാട്, മീനാക്ഷിപുരം എന്നീ അതിര്‍ത്തി വഴികളില്‍ ഒരു പരിശോധനയും ഇല്ല. കൂടാതെ 20 ഓളം ഊടുവഴികളും കള്ളകടത്ത് മാഫിയകളുടെ നിയന്ത്രണത്തിലാണെന്ന് ആരോപണമുണ്ട്. പ്രധാന അതിര്‍ത്തി വഴികളിലും ഊടുവഴികളിലും വരെ സംസ്ഥാന അതിര്‍ത്തികളില്‍ തമിഴ്നാട് പൊലീസിന്റെ ചെക്ക് പോസ്റ്റുകള്‍ രാപകല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാൽ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ യഥേഷ്ടം കടന്നുപോകാറുണ്ട്. അതിർത്തി ചെക്ക്പോസ്റ്റുകളിൽ എക്സൈസ് സ്ക്വാഡ് പരിശോധന നടക്കുന്നുണ്ട്. ചെക്ക്പോസ്റ്റ് ജീവനക്കാരുടെ നേതൃത്വത്തിൽ റാൻഡം പരിശോധനയും ഉണ്ട്.
പരിശോധനകളിൽ പിടികൂടുന്ന കഞ്ചാവ് കത്തിച്ചുകളയുകയാണ് ചെയ്യുക. ഇതിനായി കോടതിയുടെ ഉത്തരവ് വേണം. ശേഷം ഡെപ്യൂട്ടി കമീഷണർ ചെയർമാനും അസിസ്റ്റന്റ് കമീഷണറും എൻഫോഴ്സ്മെന്റ് സി.ഐ അംഗങ്ങളുമായിട്ടുള്ള ഡിസ്പോസൽ കമ്മിറ്റി ചേരും. കമ്മിറ്റി തീരുമാനപ്രകാരം വാളയാറിലോ മറ്റേതെങ്കിലും സ്ഥലത്തോ എത്തിച്ച് കഞ്ചാവ് കത്തിക്കും. പിടികൂടുന്ന സ്പിരിറ്റ് കെമിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചശേഷം ഏതെങ്കിലും ഡിസ്റ്റലറികൾ അപേക്ഷ നൽകുകയാണെങ്കിൽ നിയമപ്രകാരം ലിറ്ററിന് 50 രൂപ നിരക്കിൽ നൽകും.
ലഹരി ഉപയോഗം, വിൽപന, കൈവശംവെക്കല്‍, ലഹരി കടത്ത് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പൊലീസിന്റെ യോദ്ധാവ് വാട്സ് ആപ് നമ്പറായ 9995966666ല്‍ പൊതുജനങ്ങൾക്ക് വിവരം നല്‍കാം. സന്ദേശം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ല പൊലീസ് മേധാവി അജിത് കുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.