പാലക്കാട് ജില്ല ആശുപത്രി സുരക്ഷ സംവിധാനങ്ങളില്ലെന്ന് ഫയർ ഓഡിറ്റ് റിപ്പോർട്ട്

പാലക്കാട്: പ്രതിദിനം ആയിരത്തിലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന പാലക്കാട് ജില്ല ആശുപത്രിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന് ആവശ്യപ്പെട്ട് അഗ്നിരക്ഷാസേന ഒരു വർഷം മുമ്പ് നൽകിയ ഫയർ ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. 2025 ജനുവരി 22ന് ജില്ല ആശുപത്രി സൂപ്രണ്ടിന് നൽകിയ റിപ്പോർട്ടിലെ മിക്ക നിർദേശങ്ങളും ഒരു വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. അടിയന്തര ആവശ്യമായ ഫയർ എക്സിറ്റ്, എമർജൻസി എസ്കേപ് ലൈറ്റിങ് സിസ്റ്റം, റാമ്പ്, എൻ.ബി.സി 2016 പ്രകാരമുള്ള അഗ്നിസുരക്ഷ സംവിധാനം എന്നിവയൊന്നുമില്ല. കഴിഞ്ഞവർഷം ജില്ല ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഫയർ ആൻഡ് റെസ്ക്യു വിഭാഗം നടത്തിയ ഓഡിറ്റിങ്ങിന്‍റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

ഏകദേശം 2300 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആശുപത്രിയിൽ നിരവധി ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്. ഐ.പി, ഒ.പി വിഭാഗങ്ങളിലായി ആയിരത്തിലധികം രോഗികളും ചികിത്സ തേടുന്നുണ്ട്. ആശുപത്രിയിൽ അഞ്ച് ഏണിപ്പടികളും രണ്ട് ലിഫ്റ്റുകളുമാണുള്ളത്. 105 എക്സ്റ്റിംഗ്യുഷറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പര്യാപ്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിലെ മിക്ക വാതിലുകളുടെയും വലിപ്പം തീരെ കുറവാണ്. ഒ.പി വിഭാഗത്തിന്‍റെ ഗേറ്റിന് വീതി കുറവായതിനാൽ അഗ്നിരക്ഷാസേനയുടെ വാഹനം കടന്നുപോകാൻ സാധിക്കില്ല.

അപകട സാധ്യത കുറക്കാൻ ഡെന്‍റൽ ഒ.പിയിൽ മുറിക്കകത്തുള്ള എൽ.പി.ജി സിലിണ്ടർ പുറത്തുവെക്കണമെന്നും റിപ്പോർട്ടിലുണ്ട്. വീൽചെയർ, സ്ട്രെക്ചർ എന്നിവയിൽ ചികിത്സ തേടുന്ന രോഗികൾക്ക് സുഗമമായി കടന്നുപോകുന്നതിന് ആവശ്യമായത്ര റാമ്പ് ഇല്ലെന്നും എൻ.ബി.സി 2016 പ്രകാരമുള്ള യാതൊരുവിധ അഗ്നിസുരക്ഷ സംവിധാനങ്ങളും കെട്ടിടത്തിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ആശുപത്രിയിലെ ചില വാതിലുകളുടെ വലിപ്പം കൂട്ടുക, പുതിയ ഒരു റാമ്പ് സ്ഥാപിക്കുക, ഫയർ എക്സ്റ്റിംഗ്യുഷറുകളുടെ എണ്ണം കൂട്ടുക തുടങ്ങി ചില നിർദേശങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ബാക്കി നിർദേശങ്ങൾ പാലിക്കുന്നതിനും ആശുപത്രിയുടെ നിലവിലുള്ള പ്രധാന കവാടത്തിന്‍റെ നീളം എട്ട് മീറ്ററാക്കി അടിയന്തരമായി പുനർനിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഫയർ ആൻഡ് റെസ്ക്യു ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ജില്ല പഞ്ചായത്ത് വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ അജൻഡ വെച്ചിട്ടുണ്ട്. 

Tags:    
News Summary - Fire audit report says Palakkad district hospital lacks safety systems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.