ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടതും വലതും

കൂറ്റനാട്: പറയിപെറ്റപന്തിരുകുലത്തിന്‍റെ ഈറ്റില്ലവും നിരവധി ഐത്യഹ്യവും ചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്ന തൃത്താലയില്‍ ഇത്തവണ ആര് വാഴും എന്നതിലേക്ക് ഉറ്റുനോക്കുകയാണ് പൊതുജനം. മന്ത്രിമണ്ഡലം കൂടിയായതിനാല്‍ ഇത്തവണ മത്സരം സംസ്ഥാനതലത്തിലും ശ്രദ്ധേയമാവുകയാണ്. തൃത്താലയുടെ ചരിത്രം പരിശോധിച്ചാല്‍ ഏഴ് തവണ യു.ഡി.എഫും ആറ് തവണ എല്‍.ഡി.എഫും മണ്ഡലത്തില്‍ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.

1967 മുതല്‍ 70 വരെ എല്‍.ഡി.എഫിലെ ഇ.ടി. കുഞ്ഞന്‍ വിജയിച്ചു. പിന്നീട് 70ല്‍ രണ്ട് വര്‍ഷം യു.ഡി.എഫിലെ വെള്ളേച്ചരന്‍, 77 മുതല്‍ 80വരെ മൂന്ന് വര്‍ഷം കെ. ശങ്കരനാരായണന്‍, 80 മുതല്‍ 82 വരെ എം.പി. താമി, 82 മുതല്‍ 87വരെ കെ.കെ. ബാലകൃഷ്ണന്‍, 87 മുതല്‍ 91 വരെ വീണ്ടും എം.പി. താമിയും തുടര്‍ച്ചയായി കോണ്‍ഗ്രസ് പ്രതിനിധികളായി.

1991 മുതല്‍ 96 വരെ എല്‍.ഡി.എഫിലെ ഇ. ശങ്കരന്‍, 96 മുതല്‍ 2006 വരെ രണ്ട് തവണ വി.കെ. ചന്ദ്രന്‍, 2006 മുതല്‍ 2011വരെ ടി.പി. കുഞ്ഞുണ്ണിയും ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചു. 2011മുതല്‍ 2021വരെ രണ്ട് തവണ വി.ടി. ബല്‍റാമിലൂടെ തൃത്താല യു.ഡി.എഫിനെ തുണച്ചു. 2021ലാണ് ബല്‍റാമിനെ പരാജയപ്പെടുത്തി എല്‍.ഡി.എഫ് എം.ബി. രാജേഷിലൂടെ തൃത്താലപിടിച്ചത്. 2011ല്‍ ബല്‍റാം 57848 വോട്ടും എല്‍.ഡി.എഫിലെ പി.കെ. മമ്മിക്കുട്ടി 54657വോട്ടും ബി.ജെ.പി 5899 വോട്ടുമാണ് നേടിയത്. ഈസമയം ബല്‍റാമിന്‍റെ ഭൂരിപക്ഷം 3197ആയിരുന്നു.

2016ലെ തെരഞ്ഞെടുപ്പില്‍ വി.ടി. ബല്‍റാം 66505 വോട്ടും എല്‍.ഡി.എഫിലെ സുബൈദ ഇസാഖ് 55958 വോട്ടും ബി.ജെ.പിയുടെ വി.ടി. രമ 14510വോട്ടും നേടി. 10547വോട്ടിന്‍റെ ഭൂരിപക്ഷം ബല്‍റാമിന് ഉണ്ടായി. 2021ല്‍ എം.ബി. രാജേഷ് 69814വോട്ടും വി.ടി. ബല്‍റാം 66798വോട്ടും ബി.ജെ.പിയുടെ ശങ്കു ടി. ദാസ് 12851 വോട്ടും നേടി. രാജേഷിന്‍റെ ഭൂരിപക്ഷം 3016 വോട്ടാണ്.

2011ലെയും 2016ലെയും യു.ഡി.എഫിന് ലഭിച്ച വോട്ടുകള്‍ വിലയിരുത്തുമ്പോള്‍ 8657 വോട്ടിന്‍റെ വർധനയുണ്ടായി. എന്നാല്‍, 2021ല്‍ വർധിച്ചതാകട്ടെ 209 വോട്ടാണ്. അതേസമയം, 2011ല്‍ നിന്നും 2016ല്‍ എല്‍.ഡി.എഫിന് 1301 വോട്ടാണ് കൂടിയത്. എന്നാല്‍, 2021ല്‍ 13932 വോട്ടിന്‍റെ വർധനവായി. ബി.ജെ.പിക്ക് 2011ല്‍നിന്നും 2016ല്‍ 8611വോട്ട് കൂടിയെങ്കില്‍ 2025ല്‍ 1636 വോട്ട് കുറഞ്ഞു. തൃത്താലയിലെ നിലവിലെ സാഹചര്യം പരിശോധിച്ചാല്‍ എല്‍.ഡി.എഫ് മന്ത്രി എം.ബി. രാജേഷിനെ തന്നെയാണ് രംഗത്തിറക്കുന്നത്.

അഞ്ചുവര്‍ഷം അവസാനിക്കാനിരിക്കെ 1000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് തൃത്താലയില്‍ നടത്തിയെന്ന് അവകാശപ്പെട്ടാണ് ഇടതുപക്ഷം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തൃത്താലയിലെ സരസ് മേള ഉള്‍പ്പടെ ചില പരിപാടികള്‍ രാജേഷിന്‍റെ മികവ് അളക്കുന്നതായിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ കാര്യങ്ങള്‍ മണ്ഡലത്തില്‍ നടത്താനായതിന്‍റെ ചാരിതാര്‍ത്ഥ്യം രാജേഷിന് വിജയപ്രതീക്ഷ നല്‍കുമ്പോള്‍ പാര്‍ട്ടിക്കകത്തെ ചില വിഭാഗീയപ്രശ്നങ്ങള്‍ ആശങ്കയിലാക്കുന്നുമുണ്ട്.

തൃത്താല ഏരിയ കമ്മിറ്റിയില്‍ തന്നെ വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു. എന്നാല്‍, നേതൃത്വം ഇടപെട്ട് അതില്‍ ചിലരെ താഴേതട്ടിലേക്ക് തരംതാഴ്ത്തുക അടക്കമുള്ള ശിക്ഷാനടപടികള്‍ കൈക്കൊള്ളുകയും അതിന് ശേഷം നടന്ന ലോക്സഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ഔദ്യോഗിക വിഭാഗം തൃത്താലയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. നിലവില്‍ ജില്ല കമ്മിറ്റിയിലെ എം.ആര്‍. മുരളിയുടെ നിരീക്ഷണത്തിലാണ് തൃത്താലയിലെ ഇടതുപക്ഷ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം.

ഇതേ ഉള്ളുരുക്കത്തില്‍ തന്നെയാണ് കോണ്‍ഗ്രസും. വി.ടി. ബല്‍റാമിനെ നാലാം ഊഴത്തിനിറക്കുകയാണ് യു.ഡി.എഫ്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിനകത്തെ പടലപ്പിണക്കം യോഗങ്ങളിലെ കൈയാങ്കളിയിലും പരസ്യപോര്‍വിളികളിലും വരെ എത്തി. മുതിര്‍ന്ന നേതാവിന്‍റെയും ബല്‍റാം പക്ഷത്തിന്‍റെയും ഗ്രൂപ്പുകള്‍ സജീവമായതോടെ പാര്‍ട്ടിയുടെ നിയന്ത്രണം കൈവിട്ടുപോയി.

ഇത്തരത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളും പരസ്യ പ്രഖ്യാപനങ്ങളും സ്ഥിരം പല്ലവിയായതോടെ ജില്ല, സംസ്ഥാന നേതൃത്വം ഇടപെട്ട് ശാന്തരാക്കി. ഇപ്പോള്‍ ഇരുവിഭാഗം നേതാക്കള്‍ക്കും മണ്ഡലത്തിലെ പാര്‍ട്ടിപരിപാടികളില്‍ തുല്യപങ്കാളിത്തം നല്‍കി മുന്നോട്ട് കൊണ്ടുപോകുകയാണ്. എന്നാല്‍, ഘടകകക്ഷിയായ മുസ്‍ലിം ലീഗ് ആത്മസംയനം പാലിച്ച് ഇരുകൂട്ടരേയും ചേര്‍ത്ത് നിര്‍ത്തി. അടുത്തകാലത്ത് കോണ്‍ഗ്രസിനകത്ത് മൂന്നാം ഗ്രൂപ്പെന്ന ആരോപണം ഉയര്‍ന്നത് സംസ്ഥാന, ജില്ല നേതൃത്വങ്ങളെപോലും ഞെട്ടിച്ചു. കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ കമ്മിറ്റി രൂപവത്കരിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം.

അതേസമയം, പാര്‍ട്ടി ഇടപെട്ട് അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ അട്ടിമറി വിജയമാണ് യു.ഡി.എഫിന് പ്രതീക്ഷ. തൃത്താല മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ അഞ്ച് എണ്ണത്തില്‍ ഭരണം ഉറപ്പിക്കുകയും തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ തുല്യതയിലുമെത്തി. ഈ വിജയം നിയമസഭയിലും ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നേതൃപ്രശ്നം രൂക്ഷമാണ്. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പ്രവര്‍ത്തന ശൈലിയുള്ള നേതാക്കളുടെ അഭാവം പാര്‍ട്ടിക്കുണ്ട്.

2021 നിയമസഭ കക്ഷിനില

എം.ബി രാജേഷ്- സി.പി.എം- 69814

വി.ടി. ബല്‍റാം- കോൺഗ്രസ്- 66798

ശങ്കു ടി. ദാസ്- ബി.ജെ.പി- 12851

ഭൂരിപക്ഷം- 3016

2016 നിയമസഭ കക്ഷിനില

വി.ടി ബല്‍റാം- കോൺഗ്രസ്- 66 505

സുബൈദ ഇസാഖ്- സി.പി.എം- 55958

വി.ടി രമ- ബി.ജെ.പി- 14510

ഭൂരിപക്ഷം- 10547

Tags:    
News Summary - Left and right on domestic issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.