നിർമാണം പൂർത്തിയാകുന്ന പെരുമുടിയൂർ റെയിൽവേ അണ്ടർപാസ്
പട്ടാമ്പി: പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി റെയിൽവേ നിർമിക്കുന്ന അണ്ടർപാസിന്റെ നിർമാണം അന്തിമഘട്ടത്തിലെത്തി. സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്ര വളരെ ക്ലേശകരമായിരുന്നു. അഞ്ച് മുതൽ പ്ലസ് ടു വരെ കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലേയും തൊട്ടടത്ത് സ്ഥിതിചെയ്യുന്ന ശ്രീ നീലകണ്ഠ ശർമ്മ ലോവർ പ്രൈമറി സ്കൂളിലേയും കുട്ടികൾക്ക് റെയിൽവേ ട്രാക്ക് മുറിച്ച് കടന്ന് സ്കൂളിലെത്തേണ്ട സ്ഥിതിയായിരുന്നു. എൽ.പി സ്കൂളിലെ മൂന്ന് വയസ്സു മുതലുള്ള പ്രീ പ്രൈമറി കുട്ടികൾ ഉൾപ്പടെയുള്ളവർ സ്കൂളിലെത്താൻ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കണമെന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉള്ളിലെ വലിയ ആശങ്കയായിരുന്നു. ആ ഭയത്തിനാണ് റെയിൽവേ ട്രാക്കിന് കീഴിലെ അണ്ടർപാസ് യാഥാർഥ്യമാകുന്നതിലൂടെ വിരാമമാകുന്നത്.
സ്കൂളിലേക്കുള്ള ഈ വഴിയിൽ മൂന്ന് വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സ്കൂളും പി.ടി.എയും പൂർവ വിദ്യാർഥികളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് അണ്ടർ പാസ് യാഥാർഥ്യമാക്കാൻ പ്രവർത്തനമാരംഭിച്ചത്. റെയിൽവേയും ഈ ആവശ്യത്തോട് അനുഭാവപൂർവമായ സമീപനം സ്വീകരിച്ചതുകൊണ്ടാണ് 95.36 ലക്ഷം രൂപ ചെലവിൽ അണ്ടർപാസ് അനുവദിക്കപ്പെട്ടത്. മെട്രോമാൻ ഇ. ശ്രീധരൻ സൈറ്റ് സന്ദർശിക്കുകയും തടസ്സങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തത് പദ്ധതി പൂർത്തിയാക്കാൻ ഏറെ സഹായകരമായി. റെയിൽവേയിൽ നിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിന്തുണയും ഇടപെടലും ഈ സ്വപ്നസാക്ഷാത്കാരത്തിന് ശക്തി പകർന്നു.
പുതിയ അധ്യയന വർഷം സ്കൂൾ തുറക്കുന്നതിനു മുമ്പായി പദ്ധതി പൂർത്തിയാകുമെന്ന് പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നാരായണൻ കുട്ടി, എച്ച്.എം ഇൻ ചാർജ് ടി.കെ. നിഷാദ്, പി.ടി.എ പ്രസിഡന്റ് എം. മൊയ്തീൻ കുട്ടി, വൈസ് പ്രസിഡന്റ് കെ. സുകുമാരൻ, എച്ച്.എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി വി.ടി. സൈനുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.