കൊല്ലങ്കോട്: ത്രാമണി റോഡ് യാഥാർഥ്യമായതിന് പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി. കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിൽ ആനമാറി റോഡ് കടന്നുപോകുന്ന പ്രദേശത്തുനിന്നും 300 മീറ്റർ ദൈർഘ്യത്തിലുള്ള ത്രാമണി കോളനി പ്രദേശത്ത് വാഹനങ്ങൾ കടക്കാൻ വഴിയില്ലാത്തത് ദുരിതമായിരുന്നു. താലൂക്ക് വികസന സമിതിയിലും ഗ്രാമസഭകളിലും കാര്യങ്ങൾ ഉന്നയിച്ചെങ്കിലും കാര്യങ്ങൾ സാധിച്ചിരുന്നില്ല. തുടർന്നാണ് പാതനാറ സ്വദേശി പി.വി. ഷണ്മുഖന്റെ നേതൃത്വത്തിൽ 2011ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പൊതുജനസമ്പർക്ക പരിപാടിയിൽ പരാതി നൽകിയത്.
നേരിൽ പരാതി സ്വകരിച്ച ഉമ്മൻ ചാണ്ടി പരാതി സ്വീകരിച്ച് പരിഹാരം ഉണ്ടാകും എന്ന് ഉറപ്പുനൽകി. തുടർ പ്രവർത്തനങ്ങൾക്കായി വകുപ്പുതല ഉദ്യോഗസ്ഥരെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. തോടിന് അരികിലുള്ള പൊതുഭൂമി കൈയേറിയവരെ ഒഴിപ്പിച്ച് റോഡിന് സ്ഥലം കണ്ടെത്തി അതിർത്തി കല്ലുകൾ സ്ഥാപിക്കണമെന്നുവരെ മുഖ്യമന്ത്രി നിർദേശിച്ചു.
എന്നാൽ, സ്ഥലം കൈയേറിയവരുടെ വിലാസം ലഭ്യമല്ല എന്ന വിചിത്ര മറുപടിയാണ് കൊല്ലങ്കോട് ഒന്ന് വില്ലേജ് ഓഫിസിൽനിന്ന് ഷൺമുഖന് ലഭിച്ചത്. വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ച് ഷൺമുഖൻ തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ചിറ്റൂർ തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ ചടുലമായി പ്രവർത്തിക്കുകയും സ്ഥലം പരിശോധിച്ച് ഭൂമി കൈയേറ്റം ഉണ്ടെന്ന് കണ്ടെത്തി. കമ്പിവേലികൾ പൊളിച്ചു മാറ്റി വഴി നിർമിക്കാനുള്ള ഭൂമി തിരിച്ചുപിടിച്ചു. പിന്നീട് സർവേ, റവന്യൂ ഉദ്യോഗസ്ഥർ അതിർത്തിക്കല്ലുകൾ സ്ഥാപിച്ച് റോഡിന് വഴിയൊരുക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ത്രാമണി കോളനി റോഡിനായി 2019 വർഷത്തിൽ സൈഡ് പ്രൊട്ടക്ഷന്‍ ആറുലക്ഷം രൂപ അനുവദിച്ചു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ട് റോഡ് ശരിയാക്കിയ ശേഷം ആ കൈയേറ്റം ഒഴിവാക്കിയ അതേ സ്ഥലത്ത് റോഡിന്റെ ഇരുവശത്തുമായി സുരക്ഷാഭിത്തികൾ നിർമിച്ചു. ഇതോടുകൂടി ആ പ്രദേശത്തുള്ളവർക്ക് ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കാൻ വലിയ സഹായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.