പാലക്കാട്: കരാർ പുതുക്കൽ നടപടി പൂർത്തിയാക്കി സംഭരിച്ച നെല്ലിന്റെ വില ഉടൻ പൂർണമായി കൊടുത്തുതീർക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വാർത്തകുറിപ്പിൽ അറിയിച്ചു. രണ്ടാംവിള നെല്ല് സംഭരണത്തിൽ 24969 കർഷകരിൽ നിന്നായി 60374 മെട്രിക് ടൺ നെല്ല് ജില്ലയിൽ സംഭരിച്ചു. ഒന്നാംവിളയിൽ 33792 കർഷകരിൽ നിന്നായി 74348 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചിരുന്നത്.
ഇതിന്റെ വിലയായി 210.55 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തു. ജില്ലയിൽ രണ്ടുദിവസത്തിനുള്ളിൽ കൊയ്ത്ത് കഴിഞ്ഞ നെല്ല് പൂർണമായും സംഭരിക്കും. വലിയ ലോറികളെത്താൻ കഴിയാത്ത ചെറിയ വഴികൾ മാത്രമുള്ള സ്ഥലങ്ങളിലാണ് സംഭരണം വൈകുന്നതുമൂലം പ്രയാസങ്ങൾ നേരിട്ടത്.
ഈ സ്ഥലങ്ങളിൽ ചെറിയ വാഹനങ്ങളും കയറ്റിറക്ക് തൊഴിലാളികളുടെ സേവനവും കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഭക്ഷ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പാലക്കാട് ജില്ല ലേബർ ഓഫിസറുമായും മില്ലുടമകളുമായും സപ്ലൈകോ അധികൃതർ ചർച്ച നടത്തി. തുടർന്ന് വാഹനവുമായുള്ള പ്രശ്നം പരിഹരിക്കാൻ മില്ലുടുമകളോട് ആവശ്യപ്പെടുകയും കയറ്റിറക്ക് തൊഴിലാളികളുടെ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു.
2025 മാർച്ച് 15 വരെ പാഡി റസീപ്റ്റ് ഷീറ്റ് നൽകിയ എല്ലാ കർഷകർക്കും സംഭരണവില ബാങ്കുകൾ മുഖേന നൽകിയിട്ടുണ്ട്. നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കാനറ ബാങ്കുമാണ് പി.ആർ.എസ് വായ്പ നൽകുന്നത്. കാനറ ബാങ്കുമായുള്ള കരാർ മാർച്ച് 31ന് അവസാനിച്ചതിനാൽ അത് പുതുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
കാർഷിക മേഖലയിൽ നൽകുന്ന വായ്പ എന്നുള്ള നിലയിൽ ബാങ്കുകൾ സാധ്യമായ കുറഞ്ഞ പലിശക്ക് വായ്പ നൽണമെന്ന സർക്കാർ നിലപാട് ബാങ്കുകളെ അറിയിച്ചിട്ടുണ്ട്. 2017-18 മുതൽ 2024-25 വരെ താങ്ങുവില ഇനത്തിൽ കേന്ദ്രസർക്കാർ നൽകാനുള്ളത് 1108 കോടി രൂപയാണ്. സംസ്ഥാനത്ത് അപ്രായോഗികമായ പല നിബന്ധനകളും അടിച്ചേൽപ്പിച്ചാണ് അത് പാലിക്കാൻ കഴിയാത്ത സാഹചര്യത്തിലും അന്യായമായ സാങ്കേതിക കാരണങ്ങളാലും ഇപ്രകാരം തുക തടഞ്ഞുവച്ചത്.
കർഷകരുടെ നെല്ലെടുത്ത് റേഷൻകടകൾ വഴി വിതരണം ചെയ്തതിനുശേഷം മാത്രമാണ് താങ്ങുവില ക്ലെയിം ചെയ്യാൻ കഴിയൂ. ഇതിന് ആറുമുതൽ എട്ടുമാസം വരെ താമസം വരുന്നു. ഇതുകൊണ്ടാണ് പി.ആർ.എസ് വായ്പ പദ്ധതി ഏർപ്പെടുത്തേണ്ടി വന്നത്. എന്നാൽ പലപ്പോഴും പൊതുമേഖല ബാങ്കുകൾ കർഷകർക്ക് അനുകൂല സമീപനമല്ല വായ്പ വിതരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാറിന് ഈ ബാങ്കുകളുമായി ഇടപെടാൻ നിയമപരമായി പരിമിതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.