വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയിൽ മഴ കനത്തതോടെ യാത്രാദുരിതം രൂക്ഷം. റോഡിൽ രൂപപ്പെട്ട വലിയ കുഴികളും മേൽപ്പാലം നിർമാണം മൂലമുള്ള ഗതാഗതക്കുരുക്കും യാത്രക്കാരെ വലക്കുകയാണ്.
ശക്തമായ മഴയിൽ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാതയിൽ വൻ കുഴികളാണ് രൂപപ്പെട്ടത്. കരാർ കമ്പനി താൽക്കാലികമായി അടച്ച കുഴികൾ വീണ്ടും തുറന്നതോടെ അപകടങ്ങൾ പതിവാകുകയാണ്. ശങ്കരം കണ്ണൻതോട്, പന്തലാംപാടം, വാണിയമ്പാറ, കുതിരാൻ എന്നിവിടങ്ങളിൽ വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടായി. പന്നിയങ്കര ടോൾ പ്ലാസയിൽ വലിയ തുക ടോൾ നൽകി കടന്നുപോകുന്ന വാഹന ഉടമകൾ പരാതി പറഞ്ഞിട്ടും മഴ കാരണമാണ് റോഡ് തകർന്നതെന്നാണ് ടോൾ കമ്പനി പറയുന്നത്. ദേശീയപാത അതോറിറ്റിയോ നിർമാണ കമ്പനിയോ ഇതിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സർവിസ് റോഡുകളും തകർന്ന് കിടക്കുകയാണ്.
വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളിൽ നടക്കുന്ന മേൽപ്പാലം നിർമാണമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. കല്ലിടുക്കിലാണ് ഏറ്റവും കൂടുതൽ കുരുക്ക് അനുഭവപ്പെടുന്നത്. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളാണ് മണിക്കൂറുകളോളം കുരുക്കിൽ കുടുങ്ങിക്കിടക്കുന്നത്.
ചില സമയങ്ങളിൽ രണ്ടുമൂന്നു കിലോമീറ്റർ ദൂരം വാഹനങ്ങൾ കുടുങ്ങിക്കിടക്കാറുണ്ട്. മേൽപ്പാലങ്ങളുടെ പണികൾ നടക്കുന്നതിനാൽ വാഹനങ്ങൾ സർവീസ് റോഡിലൂടെയാണ് തിരിച്ചുവിടുന്നത്. എന്നാൽ ഈ സർവീസ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളാണ്. ഇത് വാഹനങ്ങൾ സാവധാനം പോകാൻ ഇടയാക്കുന്നു. റോഡിലെ കുഴികൾ യഥാസമയം അടച്ച് ഗതാഗതം സുഗമമാക്കാൻ നടപടികളൊന്നും സ്വീകരിക്കുന്നില്ല. പൊലീസിന്റെ സേവനം കാര്യക്ഷമമല്ലാത്തതും കുരുക്കിന് കാരണമാകുന്നുണ്ട്.
അത്യാവശ്യങ്ങൾക്ക് പോകുന്ന ആയിരക്കണക്കിന് യാത്രക്കാർ അധികൃതരുടെ അനാസ്ഥയിൽ കഷ്ടപ്പെടുകയാണ്. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ചികിത്സകൾക്കും ജോലിക്കും പോകുന്നവർ വഴിയിൽ കിടന്ന് വിഷമിക്കേണ്ട അവസ്ഥയാണ്.
ദേശീയപാതയിൽ നിർമാണ പ്രവൃത്തികൾ തീരുന്നതുവരെ വാഹനങ്ങളുടെ ടോൾ ഒഴിവാക്കണമെന്ന് ഫോറം ഫോർ കൺസ്യൂമർ ജസ്റ്റിസ് യോഗം ആവശ്യപ്പെട്ടു. കൂടാതെ, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കരാറുകാരുടെ ചെലവിൽ അതത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹോം ഗാർഡുകളെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാഹനക്കുരുക്കിന് പരിഹാരം കാണാൻ കളക്ടർമാർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.