മണ്ണും ചെളിയും അടിഞ്ഞുകൂടിയ മീങ്കര കനാൽ
പുതുനഗരം: മണ്ണും മാലിന്യവും നിറഞ്ഞ് മീങ്കര കനാൽ. പുതുനഗരം പ്രദേശത്തുള്ള കനാലിൽ മാലിന്യം നിറഞ്ഞതോടെ നീരൊഴുക്ക് തടസ്സപ്പെട്ട സ്ഥിതിയാണ്. കഴിഞ്ഞ മാസം ഡാമിൽനിന്ന് തുറന്നുവിട്ട വെള്ളം ഈ പ്രദേശത്ത് വളരെ ചെറിയതോതിൽ മാത്രമാണ് എത്തിയത്.
വാലറ്റ പ്രദേശത്ത് വെള്ളം തീരെ വന്നില്ലെന്ന് കർഷകർ പറഞ്ഞു. വശങ്ങളിലെ മാലിന്യം പഞ്ചായത്ത് നീക്കം ചെയ്യുന്നുണ്ടെങ്കിലും അകത്തുള്ള ചളിയും മണ്ണും നീക്കം ചെയ്യേണ്ടത് ജലസേചന വകുപ്പാണ്. എന്നാൽ ജലസേചന വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാകാത്തതിനാൽ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്താത്ത അവസ്ഥയാണ് ഉള്ളത്.
ഭൂനിരപ്പിൽനിന്ന് രണ്ട് മീറ്ററിലധികം താഴ്ചയിലൂടെ കടന്നു പോകുന്ന കനാലിൽ ഇരു വശങ്ങളിൽ നിന്നുമായി മണ്ണ് മഴക്കാലത്ത് ഇറങ്ങുന്നതാണ് പ്രശ്നമെന്ന് പരിസരവാസികൾ പറഞ്ഞു. ഇതൊഴിവാക്കാനായി കനാലിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ഉയർത്തുകയും മണ്ണ് വീഴാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ നടത്തണമെന്നുമാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.
ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ഗ്രാമസഭകളിലും കർഷകരുടെ യോഗങ്ങളിലും ആവശ്യങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും ഫലവത്താകാറില്ല. മീങ്കര ഡാമിന്റെ വാലറ്റ പ്രദേശങ്ങളായ പുതുനഗരം, പെരുവമ്പ് പഞ്ചായത്തുകളിലെ എല്ലാ കനാലുകളിലും അവസാനം വരെ ജലസേചനത്തിന് വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗം ചേർന്ന് പദ്ധതികൾ നടപ്പിലാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.