പാലക്കാട്: വീട്ടിൽ ചെയ്യാവുന്ന പെരിട്ടോണിയല്‍ ഡയാലിസിസിന് ഫ്ലൂയിഡ് കിറ്റ് ലഭിക്കാത്തതിനാൽ ദുരിതത്തിലായി രോഗികൾ. ജില്ല ആശുപത്രിയിലോ സർക്കാർ ഫാർമസികളിലോ ഫ്ലൂയിഡ് കിറ്റ് കിട്ടാനില്ല. ദിവസവും മൂന്ന് ഡയാലിസിസ് വരെ ചെയ്യേണ്ട രോഗികളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്.
മാസങ്ങളായി ഫ്ലൂയിഡ് കിറ്റുകൾ ലഭിക്കുന്നില്ലെന്നും ഇതുമൂലം ശാരീരിക അവശതകൾക്ക് പുറമേ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നുണ്ടെന്നും രോഗികൾ ആരോപിച്ചു. ‘മരുന്ന് ലഭ്യമല്ല, വന്നിട്ടില്ല’ എന്ന സ്ഥിരം മറുപടിയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും രോഗികള്‍ പറയുന്നു.
മന്ത്രിക്കും ജനപ്രതിനിധികൾക്കും ആശുപത്രി അധികൃതർക്കുമെല്ലാം നിരവധി തവണ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കൃത്യമായ ഡയാലിസിസ് നടത്താനാവാതെ രോഗതീവ്രതയിൽ പലരും വീർപ്പുമുട്ടുമ്പോഴും മരുന്ന് വാങ്ങാൻ ഫണ്ടില്ലെന്ന മറുപടിയാണ് ആരോഗ്യ വകുപ്പും സർക്കാറും നൽകുന്നത്.
പുറത്തുനിന്ന് മരുന്ന് ലഭ്യമാക്കിയാല്‍ പലര്‍ക്കും താങ്ങാന്‍ കഴിയാത്ത വിലയാണ്. ഇപ്പോള്‍ എറണാകുളത്ത് മാത്രമേ മരുന്നുള്ളൂവെന്നതാണ് സ്ഥിതി. ഇത് എത്തിക്കണമെങ്കിലും ഒരുദിവസം താമസം നേരിടും. മറ്റ് ഡയാലിസിസ് രോഗികള്‍ക്ക് നല്കുന്നതുപോലെ സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന മരുന്നും സൗകര്യങ്ങളുമാണ് പെരിട്ടോണിയൽ ഡയാലിസിസ് രോഗികള്‍ക്ക് നിഷേധിക്കപ്പെടുന്നത്.
ദിവസവും രണ്ടും മൂന്നുതവണ ഡയാലിസിസ് ചെയ്യുന്നവർ ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തിൽ മാസം ഭീമമായ തുക ചെലവ് വരും. ഡയാലിസിസ് കൃത്യമായി ചെയ്തില്ലെങ്കിൽ കാലിൽ നീര്, ചുമ, ശ്വാസതടസ്സം, മൂത്രം പോകാൻ ബുദ്ധിമുട്ട്, രക്തസമ്മർദം വർധിക്കുക, തലവേദന തുടങ്ങിയ പ്രയാസങ്ങളുണ്ടാകുമെന്നും രോഗികൾ പറയുന്നു.
വൃക്കകള്‍ തകരാറായവരില് മെഷീന് സഹായത്തോടെ രക്തശുദ്ധീകരണം നടത്തുന്ന ഹീമോ ഡയാലിസിസില്നിന്ന് വ്യത്യസ്തമായി രോഗിയുടെ ശരീരത്തിനകത്ത് തന്നെ രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് പെരിട്ടോണിയല്‍ ഡയാലിസിസ്. ഇതിനുവേണ്ട മിനി ക്യാപ്, എംടി ബാഗ് തുടങ്ങിയ സൗകര്യങ്ങളാണ് ജില്ല ആശുപത്രിയില്‍നിന്ന് രോഗികള്‍ക്ക് നല്‍കിയിരുന്നത്. ഇത് ഇല്ലാതായതോടെയാണ് രോഗികള്‍ ദുരിതത്തിലായത്. കടം വാങ്ങിയും മറ്റുമാണ് നിലവിൽ ഡയാലിസിസ് നടത്തുന്നതെന്നും എന്നാൽ ഏറെ നാൾ ഇത്തരത്തിൽ മുന്നോട്ടുപോകാനാവില്ലെന്നും രോഗികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.