അലനല്ലൂർ: എടത്തനാട്ടുകര പിലാച്ചോലയിലെ ജനവാസ കേന്ദ്രങ്ങളിൽ നാല് കാട്ടാനകൾ ഇറങ്ങി. വെള്ളിയാഴ്ച പുലർച്ചെ വീട്ട് മുറ്റത്തെത്തിയ ആന ചിന്നംവിളിച്ചതോടെയാണ് ആളുകൾ വിവരമറിയുന്നത്. രണ്ട് ആനകൾ ഇടമലയിൽനിന്നിറങ്ങി ഓത്ത് പള്ളി അബ്ബാസിന്റെ വീടിന് സമീപത്തിലൂടെ വന്ന് പിലാച്ചോല പൊൻപാറ റോഡ് മുറിച്ച് കടക്കുന്നതിനിടെ ആന പാലത്തിങ്ങൽ കുഞ്ഞമ്മുവിന്റെ തൊട്ടരികിലെത്തിയിരുന്നു. ആനയെ കണ്ട ഉടൻ തിരിച്ചോടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആനകൾ ഒതുക്കുംപുറത്ത് ഷൗക്കത്തിന്റെ വീട്ടുമുറ്റത്തിലൂടെ നടന്ന് കണിയാംപറമ്പ് സത്യപാലന്റെ വീട്ട് വളപ്പിലൂടെ നീങ്ങുന്നതിനിടയിൽ വാഴകൾ നശിപ്പിച്ചു.
തുടർന്ന് പുലയകളത്തിൽ സജ്ന, പുലയകളത്തിൽ ഉമ്മുകുൽസു എന്നിവരുടെ വീട്ടുമുറ്റത്തിലൂടെ സഞ്ചരിച്ച് നായ്ക്കത്ത് മൻസൂറിന്റെ വീട്ടിലേക്ക് പോകുന്ന വൈദ്യുതി സർവിസ് വയറിൽ തട്ടി തകര ഷീറ്റിൽ പതിച്ച് വൻ ശബ്ദം കേട്ട് വീട്ടുകാർ ഞെട്ടി. ആന ചിന്നം വിളിച്ചതോടെ പുറത്തേക്ക് വന്നവർ വീടിന്റെ അകത്തേക്ക് ഓടിക്കയറി.
പിന്നീട് നാട്ടുകാർ ശബ്ദമുണ്ടാക്കിയതോടെ ആനകൾ അവിടെ നിന്നുംപോയി. പിന്നീട് രണ്ട് ആനകളും ഓടകളത്തെ ചക്കംതൊടി രാമന്റെ വീട്ടിലൂടെ കയറി സർക്കാർ വനത്തിലേക്ക് പോയി. ഈ വിവരം കിട്ടിയതോടെ ആനകൾ ഇല്ല എന്ന സമാധാനത്തോടെ പിലാച്ചോലയിൽ മഠത്തിൻ റാസിക്ക് റഹ്മാനും മകൻ അബ്ദുൽ ഹാദിയും ഇടമലയിലെ ഇഞ്ചികൃഷിയിടത്തിലേക്ക് പോയി. കൃഷിയിടം ആനകൾ കേടുവരുത്തിയതായി കണ്ടു.
ചുറ്റുപ്പാടും കണ്ണോടിച്ച് നോക്കുന്നതിനിടയിൽ 50 മീറ്റർ അകലത്തിൽ രണ്ട് ആനകൾ നിൽക്കുന്നത് കണ്ടു. രണ്ട് പേരും ഓടി രക്ഷപ്പെടുകയായിരുന്നു. ഉടനെ ഗ്രാമ പഞ്ചായത്ത് അംഗം പി. ബഷീറിനെ വിവരം അറിയിച്ചു. തുടർന്ന് ഫോറസ്റ്റ് ജീവനക്കാരും പൊലീസും സംഭവ സ്ഥലത്തെത്തി. ഇടമലയിലുള്ള ആനകളെ വിരട്ടി ഓടിക്കാൻ തുടങ്ങി.
ആനകൾ ഇറങ്ങി തുടങ്ങുമ്പോൾ റോഡിൽ തടിച്ച് കൂടിയ ആളുകളെ കണ്ട ഉടൻ ആനകൾ വീണ്ടും ഇടമലയിലേക്ക് തന്നെ കേറി. ഇടമലയുടെ ചുറ്റം ജനവാസ കേന്ദ്രങ്ങളായത് കൊണ്ട് ആനയെ ഏത് ഭാഗത്തിലൂടെ വിരട്ടി ഓടിച്ചാലും അപകട സാധ്യതയുണ്ടായിരുന്നു. തുടർന്ന് രാത്രിയിൽ സർക്കാർ വനത്തിലേക്ക് ആനകളെ വിരട്ടിഓടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.