പട്ടാമ്പി: ഏറെ കാത്തിരിപ്പും ഏഴു വർഷത്തോളമായുള്ള പരിശ്രമവും സഫലമാവാൻ ഇനി ഒരേയൊരു കടമ്പ. പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക് പ്രവർത്തനം തുടങ്ങാൻ ഇനി വേണ്ടത് ജലപരിശോധന ഫലം മാത്രം. 2018 -19 മുതൽ വിവിധ ഘട്ടങ്ങളിലായി നടത്തിയ ശ്രമങ്ങളുടെ സാക്ഷാത്കാരമാണ് ജലപരിശോധനാഫലം കാത്തു കഴിയുന്നത്. കെട്ടിടം പണി പൂർത്തിയായി ഡയാലിസിസ് മെഷീനുകൾക്കായുള്ള കാത്തിരിപ്പായിരുന്നു ആദ്യം.
2023 നവംബറിൽ ആശുപത്രി സന്ദർശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് മൂന്നാഴ്ചക്കകം 10 ഡയാലിസ് മെഷീനുകൾ എത്തിക്കുമെന്നും പ്രവർത്തനം താമസിയാതെ ആരംഭിക്കുമെന്നും പറഞ്ഞത് രോഗികളിൽ വലിയ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. എന്നാൽ വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാനായില്ല. കഴിഞ്ഞ മെയ് മാസത്തിൽ മുതുതല കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനവേളയിലും ഡയാലിസിസ് ബ്ലോക്ക് ഉടൻ തുറക്കുന്നുമെന്നറിയിച്ചിരുന്നു.
വൈദ്യുതീകരണം, ജീവനക്കാരുടെ നിയമനം, വെള്ളം എത്തിക്കുന്നതിനുള്ള ആർ.ഒ പ്ലാന്റ് എന്നിവയിൽ തട്ടിയാണ് കാലതാമസം നേരിട്ടത്. ഇവയെല്ലാം സജ്ജമായിട്ടും ഡയാലിസിസ് ബ്ലോക്ക് തുറക്കാൻ വൈകുന്നത് രോഗികൾക്ക് നിരാശയാണുണ്ടാക്കുന്നത്. ഡോക്ടർ, നഴ്സ്, ടെക്നീഷ്യൻ എന്നിവർക്ക് പരിശീലനം നൽകി ട്രയൽ റൺ നടത്തിവരുന്നതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു. ഡയാലിസിസ് ബ്ലോക്കിലെ ജലപരിശോധനയുടെ റിപ്പോർട്ട് കിട്ടിയാലുടൻ ഉദ്ഘാടനം ചെയ്യുമെന്നും എം.എൽ.എ അറിയിച്ചു.
ഒരേ സമയം ഏഴു പേർക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യമാണ് കേന്ദ്രത്തിലുള്ളത്. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി തെരഞ്ഞെടുക്കുന്ന നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുക്കും. നിലവിൽ ചാലിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിലാണ് സൗജന്യ ഡയാലിസിസ് സൗകര്യമുള്ളത്. അവിടെ തിരക്കായതിനാൽ പട്ടാമ്പി, പെരിന്തൽമണ്ണ സ്വകാര്യാശുപത്രികളെയാണ് പട്ടാമ്പിയിലും പരിസരത്തുമുള്ളവർ കൂടുതലും ആശ്രയിച്ചുവരുന്നത്. പട്ടാമ്പി കേന്ദ്രം തുറക്കുന്നതോടെ വലിയ പണച്ചെലവ് ഒഴിവാക്കാനും വേഗത്തിൽ എത്തിപ്പെടാനും രോഗികൾക്ക് കഴിയും. മുഹമ്മദ് മുഹ്സിൻ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഒരു കോടി ഇരുപത്തി മൂന്ന് ലക്ഷം രൂപ ചിലവഴിച്ചാണ് ഡയാലിസിസ് സെന്ററിന്റെ പ്രവൃത്തികൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.