കോങ്ങാട്: വിപ്ലവ പ്രസ്ഥാനങ്ങൾക്കും സമര പോരാട്ടങ്ങൾക്കും ഖ്യാതി കേട്ട മണ്ണാണ് കോങ്ങാട്. ഇടത് ആഭിമുഖ്യമുള്ള ഈ നിയമസഭ മണ്ഡലത്തിൽ ഇക്കുറി മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. സോഷ്യലിസ്റ്റ് ചിന്താധാരയും നക്സലിസവും ഇഴചേർന്ന ഭൂമികയിൽ ത്രിവർണ കൊടി പാറുമോ എന്നാണ് ചോദ്യമുയരുന്നത്.
2011ലാണ് കോങ്ങാട് നിയമസഭ മണ്ഡലം നിലവിൽ വന്നത്. ഈ മണ്ഡലത്തിന്റെ മുൻകാല രൂപം ശ്രീകൃഷ്ണപുരമാണ്. 1965ൽ രൂപീകൃതമായ ശ്രീകൃഷ്ണപുരം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ടെങ്കിലും തുടർച്ചയായി നാല് തവണ വിജയം കൈവരിച്ചത് ഇടത് മുന്നണിയാണ്.
1965, 1967, 1970 ഘട്ടങ്ങളിൽ സി. ഗോവിന്ദപണിക്കരാണ് ജനപ്രതിനിധിയായത്. 1977ൽ കെ. സുകുമാരനുണ്ണി, 1980ൽ കെ. ശങ്കരനാരായണൻ എന്നിവരാണ് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾ.
1982ൽ അധ്യാപക സംഘടന നേതാവ് ഇ. പത്മനാഭൻ വിജയിച്ച് സി.പി.എം മണ്ഡലത്തിൽ തിരിച്ചുവരവ് നടത്തി.1987ലും 1991ലും കോൺഗ്രസിലെ പി. ബാലനിലൂടെ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു.
1966ലും 2001ലും എൽ.ഡി.എഫിന്റെ ഗിരിജ സുരേന്ദ്രനും 2006ൽ കെ.എസ്. സലീഖയും വിജയിച്ചു. മൂന്ന് പ്രാവശ്യം എം.പിയായ വി.എസ്. വിജയരാഘവൻ 2001ൽ ശ്രീകൃഷ്ണപുരത്ത് 21 വോട്ടിനാണ് ഗിരിജ സുരേന്ദ്രനോട് തോറ്റത്.
പട്ടികജാതി സംവരണ മണ്ഡലമായ കോങ്ങാട് പിറവിയെടുത്ത ശേഷമുള്ള രണ്ട് ഘട്ടങ്ങളിലും സി.പി.എമ്മിലെ കെ.വി. വിജയദാസാണ് വിജയിച്ചത്. മൂന്നാമത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ലീഗ് സ്ഥാനാർഥി യു.സി. രാമനെ 27,219 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.പി.എമ്മിന്റെ കെ. ശാന്തകുമാരി തോൽപിച്ചു. കെ. ശാന്തകുമാരിക്ക് 67,881 വോട്ടും യു.സി. രാമന് 40,662 വോട്ടുമാണ് ലഭിച്ചത്. മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുർശി, കരിമ്പ, പാലക്കാട് താലൂക്കിലെ കോങ്ങാട്, കേരളശേരി, മണ്ണൂർ, മങ്കര, പറളി ഗ്രാമപഞ്ചായത്തുകളാണ് കോങ്ങാട് നിയമസഭ മണ്ഡലത്തിലുള്ളത്.
കാരാകുർശ്ശി, തച്ചമ്പാറ, കരിമ്പ, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മേൽക്കൈ നേടിയത് വോട്ട് വിഹിതം കൂട്ടുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. വികസന പ്രവർത്തനങ്ങൾ കരുത്താവുമെന്ന് എൽ.ഡി.എഫിന് പ്രതീക്ഷയുണ്ട്. ഇടത് മുന്നണിയിലെ സി.പി.എമ്മിൽനിന്ന് പുറത്ത് വന്ന അതൃപ്തർ തലവേദന സൃഷ്ടിച്ച തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി നിയമസഭ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാനും എൽ.ഡി.എഫിന് യത്നിക്കേണ്ടി വരും.
ന്യൂനപക്ഷങ്ങൾക്കും കർഷകർക്കും സ്വാധീനമേഖലയുള്ള മണ്ഡലമാണിത്. ബി.ജെ.പി നില മെച്ചപ്പെടുത്തിയ പഞ്ചായത്തുകൾ തങ്ങളുടെ വോട്ട് വിഹിതം വർധിപ്പിക്കുമെന്ന് എൻ.ഡി.എ പ്രതീക്ഷിക്കുന്നു. 2016ൽ 45.35 ശതമാനം വോട്ടാണ് എൽ.ഡി.എഫ് നേടിയത്. 2011ലെ വോട്ട് ശതമാനം 47 ആയിരുന്നു. 2021ൽ 49.01 ശതമാനമായി വോട്ട് നില ഉയർന്നിരുന്നു.
നിലവിലെ എം.എൽ.എ.കെ. ശാന്തകുമാരി തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാവുമെന്ന് ഏറെക്കുറെ ഉറപ്പായി. യു.ഡി.എഫിന്റെ സ്ഥാനാർഥി ആരെന്ന് ഉറപ്പായിട്ടില്ല. സാധ്യത പട്ടികയിൽ പ്രഫ. കെ.എ. തുളസി, മുൻ എം.പി രമ്യ ഹരിദാസ്, ചേലക്കര കെ. ശശികുമാർ എന്നിവരുടെ പേരാണുള്ളത്.
ബി.ജെ.പി.യുടെ സ്ഥാനാർഥിയും മത്സര രംഗത്തുണ്ടാവും. ജനസമ്മതരായ പുതുമുഖ സ്ഥാനാർഥികളെ യു.ഡി.എഫും എൻ.ഡി.എയും രംഗത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.