കല്ലടിക്കോട്: കരിമ്പ പനയമ്പാടം ഭാഗത്തെ ദേശീയപാത നവീകരണം കുറ്റമറ്റതാക്കണമെന്ന് കരിമ്പ പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി യോഗം ആവശ്യപ്പെട്ടു. നാല് വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് ഈ പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാനായി ദേശീയ പാത അതോറിറ്റി ഒരു കോടി 35 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാൽ, മേയ് ആറിന് കെ. ശാന്തകുമാരി എം.എൽ.എ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ചെയ്യാനിരുന്ന ചടങ്ങ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. കരിമ്പ ഗ്രാമ പഞ്ചായത്താണ് സർവകക്ഷി യോഗം വിളിച്ചുചേർത്തത്.
കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ വിവിധ നിർദേശങ്ങൾ ഉയർന്നു. അനുവദിച്ച 1.35 കോടി രൂപ വർധിപ്പിച്ച് പനയമ്പാടം ദുബായ്കുന്നിലെ കുന്ന് ഇടിക്കുകയും വളവുകൾ നിവർത്തിയും റോഡ് വീതി കൂട്ടിയും വേണം നിർമാണമെന്നും റോഡിന്റെ നടുവിലൂടെ സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കുകയും അഴുക്കുച്ചാൽ നിർമിക്കുകയും വേണമെന്നും യോഗം ഉന്നയിച്ചു.
അനുവദിച്ച തുക തികയാത്തതിനാൽ എം.പി, എം.എൽ.എ, ഹൈവേ എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ ഉൾക്കൊള്ളിച്ച് അടുത്ത ദിവസം യോഗം വിളിക്കുകയും ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തി അവർക്ക് കത്ത് നൽകാനും തീരുമാനമായി. ഇപ്പോൾ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ചിലതിന്റെ അസൗകര്യങ്ങൾ യോഗത്തിൽ ചർച്ചയാവുകയും അവ മാറ്റി സ്ഥാപിക്കാനുള്ള നിർദേശങ്ങൾ ഉയർന്നുവന്നതായും പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ പറഞ്ഞു. യോഗത്തിൽ ഹൈവേ എ.ഇ. ജി.കെ. സുനിൽകുമാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.