PACAKGE ഉൽപാദനം കേമം; വിലയിടിഞ്ഞ്​ പച്ചക്കറി

ഉൽപാദനം കേമം; വിലയിടിഞ്ഞ്​ പച്ചക്കറി തൃശൂർ: ഉൽപാദനം കൂടിയതോടെ വിലയിടിഞ്ഞ്​ പച്ചക്കറി. കിലോക്ക്​ 120 രൂപ വരെ എത്തിയ തക്കാളിക്ക്​ ഇപ്പോൾ 10​ രൂപയാണ്​ വില. കഴിഞ്ഞ ആഴ്ചകളിൽ 15 രൂപയായിരുന്നു വില. കഴിഞ്ഞ മാസങ്ങളിൽ കിലോ 20 രൂപക്ക്​ ഒരു പച്ചക്കറിയും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വെണ്ട, പടവലം, ചുരക്ക, വെള്ളരിക്ക, പയർ എന്നിവക്ക്​ 20 രൂപയാണുള്ളത്​. ബീറ്റ്‌റൂട്ട്, കുക്കുംബർ, എളവൻ, കൊള്ളിക്കിഴങ്ങ്​ തുടങ്ങിയവയുടെ വില 25 രൂപയിലേക്ക്​ ചുരുങ്ങി. വലിയ വില ഉണ്ടായിരുന്ന ബീൻസിന്​ 28 രൂപയാണിപ്പോഴുള്ളത്​. കിലോക്ക്​ 30 രൂപയുമായി കാബേജ്, ഉരുളക്കിഴങ്ങ്, ചേന, നാടൻ കുമ്പളം, കോളിഫ്ലവർ എന്നിവയുമുണ്ട്​. 35 രൂപയാണ്​ മത്തങ്ങ വില. ഉള്ളിക്കും സവാളക്കും കൊത്തമരക്കും 40 രൂപയാണ്​. വഴുതനങ്ങ (45), പാവയ്ക്ക (46), കോവക്ക, പച്ചക്കായ (50), കൈതച്ചക്ക (55), കാരറ്റ് (56), ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ, (60), കറിനാരങ്ങ (70), ചെറുനാരങ്ങ (80), ക്യാപ്സിക്കം (90), പച്ചമുളക് (100), വെളുത്തുള്ളി (120) എന്നിങ്ങനെയാണ്​ വില. രണ്ടാഴ്ച മുമ്പ്​ കിലോക്ക്​ 220 മുതൽ 250 വരെ വിലയുണ്ടായിരുന്ന മുരിങ്ങ വരെ 150ലേക്ക്​ താഴ്ന്നു. നേന്ത്രപ്പഴം, പൂവൻപഴം, ഞാലിപ്പൂവൻ (50), റോബസ്‌റ്റ (32), കണ്ണൻപഴം, ചെറുപഴം (30) എന്നിങ്ങനെയാണ്​ പഴവില. ഉയർന്ന ഉൽപാദനമാണ്​ വില കുറയാൻ കാരണം. അതുകൊണ്ടുതന്നെ വലിയതോതിലാണ്​ ശക്തൻ അടക്കം ജില്ലയിലെ മാർക്കറ്റുകളിലേക്ക്​ പച്ചക്കറി എത്തുന്നത്​. വില കിട്ടാതെ കർഷകർ ഉയർന്നതോതിൽ പച്ചക്കറി ഉൽപാദനം കൂടിയതോടെ തമിഴ്​നാട്ടിൽ കർഷകർ വില കിട്ടാതെ അലയുകയാണ്​. കഴിഞ്ഞ വർഷത്തെപ്പോലെ കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾ ഇക്കുറി ഉണ്ടായില്ല. അതുകൊണ്ടുതന്നെ കൃഷി ചെയ്തത്​ ഭൂരിഭാഗവും വിള കിട്ടി. അനുകൂല സാഹചര്യം ഉണ്ടായതോടെ വിലയിടിയുകയും ചെയ്​തു. വില കുറഞ്ഞതോടെ വിളവെടുപ്പുതന്നെ ഏറെ ചെലവേറിയതായി. പാകമായ പയർ പറിക്കുന്നതിന്​ ചാക്ക്​ ഒന്നിന്​ ​70 രൂപയാണ്​ കൂലി. ഒപ്പം തൊഴിലാളികൾക്ക്​ ഭക്ഷണവും നൽകണം. വിളവെടുപ്പ്​ നടത്തിയ പയർ കൊണ്ടുപോകുന്നതിന്​ ഗതാഗത കൂലിയും കൊടുക്കേണ്ടതുണ്ട്​. അതുകൊണ്ടുതന്നെ വിളവെടുപ്പ്​ നടത്തി നഷ്ടം വരുത്തിവെക്കാൻ കർഷകർ മടിക്കുകയാണ്​. അതിനിടെ ചില കൃഷിഭൂമിയിലേക്ക്​ പശുക്കളെ അഴിച്ചുവിട്ട്​ പയർ അവക്ക്​ തീറ്റയായി കൊടുത്തതായും ഏജന്‍റുമാർ റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​. ---- യുദ്ധത്തിന്‍റെ പേരിൽ വില കയറ്റാൻ ശ്രമം തൃശൂർ: റഷ്യ -യു​െക്രയ്​ൻ യുദ്ധത്തിന്‍റെ പേരിൽ പച്ചക്കറി വില കയറ്റാൻ വിവിധ ഇടങ്ങൾ ശ്രമം. കിലോക്ക്​ 10 രൂപയുള്ള തക്കാളിക്ക്​ 40 രൂപ വരെ വില പറഞ്ഞ വ്യാപാരികൾ വിവിധയിടങ്ങളിലുണ്ട്​. വില കുറഞ്ഞ സാഹചര്യത്തിൽ എന്താണ്​ ഇത്രയധികം വില എന്ന്​ ചോദിച്ചവരോട്​ യുദ്ധമല്ലേ, എല്ലാത്തിനും വില കൂടുമെന്നാണ്​ മറുപടി. ക്രൂഡ്​ ഓയിലിന്​ വില കൂടിയതിനാൽ സാധനം വിപണിയിൽ എത്താൻ ഗതാഗത ചെലവ്​ കൂടുമെന്ന ന്യായമാണ്​ ഇക്കൂട്ടർ ഉന്നയിക്കുന്നത്​. ഈ സാഹചര്യത്തിൽ വിപണിയിൽ കർശനമായ പരിശോധന അധികൃതരുടെ ഭാഗത്തുനിന്ന്​ അനിവാര്യമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.