കൊല്ലങ്കോട്: മുതലമടയിൽ അനധികൃത പടക്ക നിർമാണ കേന്ദ്രങ്ങൾ വ്യാപകമാണെന്നും പൊലീസ് പരിശോധന ശക്തമാക്കണമെന്നും നാട്ടുകാർ. നീളിപ്പാറ, ആലംപാളയം, ചെമ്മനാമ്പതി, മൂച്ചങ്കുണ്ട്, അണ്ണാനഗർ, മേച്ചിറ, വെള്ളാരംകടവ്, കോട്ടപ്പള്ളം തുടങ്ങിയ പ്രദേശങ്ങളിലാണ് ചെറുതും വലുതുമായ പടക്കനിർമാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
രാത്രിസമയങ്ങളിൽ പടക്കങ്ങളുടെ സാമ്പിൾ പൊട്ടിച്ച് പരിശോധിക്കാറുണ്ടെന്നും ഇൗ സമയങ്ങളിൽ ഉഗ്രമായ ശബ്ദം കേൾക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. നീളിപ്പാറയിലും ആലംപാളയത്തും ഇടക്കിടെ സ്ഫോടനങ്ങൾ കേൾക്കാറുണ്ടെന്നും പരിസരവാസികൾ പറയുന്നു.
ഒരു പഞ്ചായത്തിൽ ഏതെല്ലാം പ്രദേശങ്ങളിൽ പടക്കനിർമാണ ശാലകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം പഞ്ചായത്ത് പരസ്യപ്പെടുത്തി നോട്ടീസ് ബോർഡിൽ പതിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊല്ലങ്കോടും അനധികൃത പടക്ക നിർമാണശാലകൾ പ്രവർത്തിക്കുന്നുണ്ട്. ലൈസൻസ് ഉള്ള പടക്ക നിർമാണ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ലൈസൻസ് ഇല്ലാത്തവയും നിരവധിയുണ്ട്. ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് പൊലീസിന് പരാതികൾ നൽകിയാലും രാഷ്ട്രീയ ഇടപെടലുകൾ കാരണം നടപടിയെടുക്കാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അനധികൃത പടക്ക നിർമാണ ശാലകൾ കണ്ടെത്തി നടപടിയെടുക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയമിക്കണമെന്നും കൊല്ലങ്കോട് സ്റ്റേഷൻ പരിധിയിലെ എലവഞ്ചേരി, മുതലമട, കൊല്ലങ്കോട്, പല്ലശ്ശന, വടവന്നൂർ എന്നീ പഞ്ചായത്തുകളിൽ സമഗ്രമായ പരിശോധന നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വെള്ളാരംകടവിൽ അനുവദിച്ചതിലധികം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനാൽ പൊലീസ് കേസെടുത്തിരുന്നു. അനധികൃത വെടിമരുന്ന് ശേഖരം അടിയന്തരമായി നിർവീര്യമാക്കണമെന്നും പരിസരങ്ങളിൽ നിരവധി ജനങ്ങൾ താമസിക്കുന്നതിനാൽ ഇവരുടെ ഭീതി ഒഴിവാക്കാൻ അധികൃതർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.