പാലക്കാട്: കനത്ത ചൂടിൽ ജില്ല വെന്തുരുകിയതോടെ ഉഷ്ണതരംഗ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാനദണ്ഡ പ്രകാരം സമതലപ്രദേശങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് ചൂട് തുടർന്നാൽ ഉഷ്ണതരംഗം പ്രഖ്യാപിക്കാം. കഴിഞ്ഞ ഏഴിൽ അഞ്ച് ദിവസവും പാലക്കാട് താപനില 40ന് മുകളിലാണ്. വ്യാഴാഴ്ച 40.2 ആണ് ജില്ലയിലെ ഉയർന്ന താപനില.
2024ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകുന്നത്. ഈ വർഷം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് ചൂട് ബുധനാഴ്ച പാലക്കാട്ടാണ് രേഖപ്പെടുത്തിയത്. 41.1 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പിന്റെ മലമ്പുഴ അണക്കെട്ടിലുള്ള താപമാപിനിയിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 41.9 ഡിഗ്രി സെൽഷ്യസ് ആണ്. 2016 ഏപ്രിൽ 27ന് പാലക്കാട്ടാണ് ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു.
ഈ വർഷം ഏപ്രിൽ 10, 18 തീയതികളിലും 40.1 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു. ഇതിന് മുമ്പ് 2024 ഏപ്രിൽ 27നാണ് പാലക്കാട് ചൂട് 41.8 ഡിഗ്രിയിലെത്തിയത്. 2023 ഏപ്രിൽ 13,14,18, 2019 ഏപ്രിൽ 17നും താപനില 41.1ലെത്തിയിരുന്നു.
പാലക്കാട്: ജില്ലയിൽ കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. തൊഴിൽ സമയം പുനഃക്രമീകരിച്ച് പുറത്തിറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും അതിനാവശ്യമായ പരിശോധനകൾ നടത്തണമെന്നും തൊഴിൽ വകുപ്പിന് അതോറിറ്റി നിർദേശം നൽകി. അന്തർ സംസ്ഥാന തൊഴിലാളികളിലേക്കും മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. വ്യാപാരകേന്ദ്രങ്ങളിൽ വായുസഞ്ചാരം, കുടിവെള്ളം, ടോയ്ലെറ്റ് സൗകര്യങ്ങൾ എന്നിവയുണ്ടോയെന്ന് പരിശോധിക്കുകയും അതില്ലാത്ത ഇടങ്ങളിൽ കടകളിലെ തൊഴിലാളികളുടെ ഉൾപ്പെടെ സുരക്ഷ മുൻനിർത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വേണം.
ഹോട്ടലുകളിൽ കാത്തിരിക്കേണ്ടി വരുന്ന ടാക്സി തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കാൻ നിർദേശം നൽകണം. ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള താൽക്കാലിക സൗകര്യങ്ങൾ ഒരുക്കണം. ഓൺലൈൻ വിതരണ തൊഴിലാളികൾക്ക് അവരുടെ സംഭരണ കേന്ദ്രങ്ങളിലും ഭക്ഷണ വിതരണക്കാർക്ക് റെസ്റ്റാറന്റുകളുടെ സമീപത്തുൃ തണലോട് കൂടിയ വിശ്രമസൗകര്യം ഒരുക്കാൻ നടപടി സ്വീകരിക്കണം. തൊഴിലാളികൾക്ക് യൂനിഫോമിൽ ഉൾപ്പെടെ ഇളവുകൾ നൽകാൻ ഓൺലൈൻ പ്ലാറ്റ്ഫോം ഉടമകൾക്ക് ആവശ്യമായ നിർദേശം നൽകണം. ജില്ല ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവരുമായി സഹകരിച്ച് മേൽ നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
പാലക്കാട് ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.