ഒറ്റപ്പാലം: മാസങ്ങളായി തകർന്ന് കിടക്കുന്ന ഒറ്റപ്പാലം-ചെർപ്പുളശ്ശരി പാതയിൽ സർവിസ് നിർത്തിവെക്കുമെന്ന പ്രഖ്യാപനവുമായി ബസ് ഉടമകളുടെ സംയുക്ത സംഘടന. റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരം കാണാത്ത പക്ഷം ജൂലൈ ഏഴ് മുതൽ അനിശ്ചിത കാലത്തേക്ക് ബസ് സർവിസ് നിർത്തിവെച്ച് സമരം ആരംഭിക്കാനാണ് തീരുമാനം.
അറ്റകുറ്റപണികളുടെ അഭാവത്തിൽ പാതയിലുടനീളം കുണ്ടും കുഴിയുമായി കിടക്കുന്നതാണ് സർവിസ് തുടരാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇത് കാരണം ടയറും ലീഫും പൊട്ടലും ഫുട്ട് ബോർഡ് തകർച്ചയും തുടങ്ങി ഒട്ടേറെ കേടുപാടുകളാണ് ഉണ്ടാവുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും ഉടമകൾ പറയുന്നു.
റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത ചെയ്തിരുന്നു. അറ്റകുറ്റപണികൾ നടത്താതെ തകർന്ന പാതയിൽ സർവിസ് തുടരാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പലതവണ പരാതികൾ സമർപ്പിച്ചിരുന്നെങ്കിലും അധികൃതരിൽനിന്നും അവഗണനയാണ് ഫലമെന്ന് ഉടമകൾ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ താൽക്കാലികമായിട്ടെങ്കിലും പാതയിലെ കുഴികൾ അടച്ച് ഗതാഗതരയോഗ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
അല്ലാത്തപക്ഷം ഈ റൂട്ടിലോടുന്ന മുഴുവൻ സ്വകാര്യ ബസുകളും അനിശ്ചിത കാലത്തേക്ക് പണിമുടക്ക് ആരംഭിക്കുമെന്ന് തിരുവില്വാമല-ഒറ്റപ്പാലം മേഖല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ, ഒറ്റപ്പാലം താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ തുടങ്ങിയ സംഘടന ഭാരവാഹികളായ പി.കെ. സിദ്ദീഖ്, കെ.എസ്. സുനിൽ റഹ്മാൻ, കെ.പി. അലി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.