പാലക്കാട്: ഒരു നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ പനയംപാടം അപകടത്തിന് ഞായറാഴ്ച ഒരുമാസം തികയുന്നു. ഡിസംബർ 12നാണ് നിയന്ത്രണം വിട്ടുമറിഞ്ഞ ലോറിക്കടിയിൽ പെട്ട് എട്ടാം ക്ലാസ് വിദ്യാർഥികളും സുഹൃത്തുക്കളുമായിരുന്ന നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്.
സ്ഥിരം അപകടമേഖലയായ കല്ലടിക്കോട് പനയംപാടം വളവിലായിരുന്നു സംഭവം. നേരത്തെയും നിരവധി അപകടങ്ങൾ നടന്നിട്ടുള്ള ഇവിടെ ഇനിയും ജീവനുകൾ പൊലിയാതിരിക്കാൻ ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് പ്രദേശത്താണ് പനയംപാടം അപകട വളവ്. റോഡ് വീതി കൂട്ടി നവീകരിച്ചെങ്കിലും വളവ് നിവർത്താനുള്ള നടപടിയുണ്ടായിരുന്നില്ല. അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റി അപകടത്തിൽ പെടുന്നത് ഇവിടെ പതിവായിരുന്നു.
ചെറിയ ചാറ്റൽ മഴയിൽ പോലും തെന്നി മറിഞ്ഞും നിയന്ത്രണം വിട്ടും അപകടങ്ങളുണ്ടായി എത്രയോ ജീവനുകൾ ഇവിടെ പൊലിഞ്ഞു. ഒടുവിൽ നാല് വിദ്യാർഥികളുടെ ദാരുണാന്ത്യം കൂടിയായതോടെ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായത്.
ഗതാഗത മന്ത്രി ഉൾപ്പെടെ നേരിട്ടെത്തി റോഡിൽ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെ തുടർന്ന് റോഡിൽ മീഡിയനുകൾ സ്ഥാപിച്ചു. മിനുസമുള്ള റോഡുകൾ പരുക്കനാക്കി. പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തിൽ റോഡിൽ കാൽനടയാത്രക്കാർക്കായുള്ള സീബ്രാ ലൈൻ ഉൾപ്പെടെ മുന്നറിയിപ്പ് വരകൾ വരച്ചു. മാഞ്ഞുപോയ വരകളെല്ലാം പുനഃസ്ഥാപിച്ചു. ബ്ലിങ്കറിങ് ലൈറ്റ് സ്ഥാപിച്ചു. ഓട്ടോ സ്റ്റാൻഡ് മാറ്റിസ്ഥാപിക്കുകയും ബസുകൾ നിർത്തുന്നത് ക്രമീകരിക്കുകയും ചെയ്തു.
സ്കൂൾ വിടുന്ന സമയങ്ങളിൽ കുട്ടികളെ റോഡ് കടക്കാനും മറ്റും സഹായിക്കാനായി പൊലീസ് സാന്നിധ്യവുമുണ്ട്. വൈകീട്ട് നാലു മുതൽ 10 വരെ ദേശീയപാത 966ലും 544ലും പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പട്രോളിങ് നടത്തുന്നുണ്ട്. മറ്റു റോഡുകളിലും പരിശോധനയുണ്ട്. നിയമലംഘകർക്ക് പിഴ ചുമത്തും. അപകടത്തിന് ശേഷം റോഡിൽ മുഴുവൻ സമയം പൊലീസ് സാന്നിധ്യമുണ്ട്. കല്ലടിക്കോട്, മണ്ണാർക്കാട് തുടങ്ങി വിവിധ സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ, എ.ആർ ക്യാമ്പ് പൊലീസുകാർ എന്നിവരാണ് ഡ്യൂട്ടിയിലുള്ളത്.
വേഗ പരിശോധനക്ക് ഇന്റർസെപ്റ്ററും ഉണ്ട്. അമിതവേഗതക്ക് തടയിട്ടാൽ മാത്രമേ ഇവിടുത്തെ അപകടങ്ങൾക്ക് കുറവുണ്ടാകൂ. ഇപ്പോഴും വാഹനങ്ങൾ അമിതവേഗതയിൽ വരാറുണ്ട്. വളവിൽ നിയന്ത്രണം വിട്ടാൽ കൂട്ടിയിടി ഉറപ്പാണ്. അപകടങ്ങൾ കുറയ്ക്കാൻ സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.