പാലക്കാട്: പാലക്കാട്ടുനിന്ന് ഷൊർണൂർ, തൃശൂർ എന്നിവടങ്ങളിലേക്ക് വൈകീട്ട് പാസഞ്ചർ ട്രെയിനുകളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വൈകീട്ട് 5.55ന് പാലക്കാട് എത്തുന്ന കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ കഴിഞ്ഞാൽ രാത്രി 10.55ന് പാലക്കാട് എത്തുന്ന ചെന്നൈ - മാംഗ്ലൂർ സൂപ്പർ ഫാസ്റ്റ് എക്സപ്രസാണ് യാത്രക്കാർക്ക് ഏക ആശ്രയം. ചെന്നൈയിൽനിന്ന് വരുന്ന ട്രെയിൻ ആയതിനാൽ പലപ്പോഴും ജനറൽ കോച്ചുകളിൽ വലിയ തിരക്കാണ്. സൂപ്പർ ഫാസ്റ്റ് ആയതിനാൽ പാലക്കാട് കഴിഞ്ഞാൽ ഒറ്റപ്പാലത്തും ഷൊർണൂരും മാത്രമാണ് സ്റ്റോപ്പുള്ളത്.
വൈകീട്ട് 4.05ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്പ്രസ് കഴിഞ്ഞാൽ രാത്രി ഒമ്പതിന് പുറപ്പെടുന്ന അമൃത എക്സ്പ്രസ് മാത്രമാണ് തൃശൂരിലേക്കുള്ള യാത്രക്കാർക്ക് ഏക ആശ്രയം. വൈകീട്ട് ആറിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന പാലക്കാട് ടൗൺ മെമു തൃശൂരിലേക്കും വൈകീട്ട് 7.40ന് പാലക്കാട് എത്തുന്ന തിരുച്ചിറപ്പള്ളി - പാലക്കാട് ടൗൺ എക്സ്പ്രസ് ഷൊർണൂരിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
പാസഞ്ചർ ട്രെയിനുകളായതിനാൽ പറളി, മങ്കര, ലെക്കിടി, ഒറ്റപ്പാലം, മാന്നനൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാനും കഴിയും. ജില്ലയിലെ ജനപ്രതിനിധികളും ഈക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന പരാതിയുണ്ട്. ഡിവിഷൻ ആസ്ഥാനം പാലക്കാട് പ്രവർത്തിച്ചിട്ടും ഇവിടെനിന്ന് വൈകീട്ട് പടിഞ്ഞാറൻ മേഖലകളിലേക്ക് ട്രെയിനുകളില്ലാത്തതിനാൽ നിരവധി യാത്രക്കരാണ് വലയുന്നത്.
കഞ്ചിക്കോട്, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ എന്നിവിടങ്ങളിലെ വ്യാവസായിക മേഖലയിൽ ജോലി ചെയ്യുന്നവർക്കും മറ്റു ചെറുകിട കച്ചവടക്കാർക്കും യാത്രാദുരിതം ഒഴിവാക്കാൻ വൈകീട്ട് ട്രെയിൻ ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ റെയിൽവേക്ക് നൽകിയിട്ടും അധികൃതർ അവഗണിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.