പാലക്കാട്: ജില്ലയിൽ നിലവിൽ ഒരു രോഗിക്ക് മാത്രമാണ് നിപ രോഗം സ്ഥിരീകരിച്ചതെന്നും അവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലെ സാധ്യത ലിസ്റ്റിലുള്ള മൂന്നുപേർ ഐസൊലേഷനിൽ തുടരുന്നുവെന്നും കലക്ടർ അറിയിച്ചു.
രോഗബാധിതയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ വെന്റിലേറ്ററിലാണ്. സമ്പർക്കത്തിലുള്ള മൂന്നുപേരിൽ ഒരാളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആണ്. മറ്റു രണ്ടുപേരുടെ പരിശോധന ഫലം ഉടൻ വരും.
ഇവർ പാലക്കാട് മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്. മൂന്നുദിവസം കഴിഞ്ഞ് വീണ്ടും നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് ആയാൽ ഇൻസ്റ്റിറ്റ്യൂഷനൽ മെഡിക്കൽ ബോർഡും സ്റ്റേറ്റ് മെഡിക്കൽ ബോർഡും ചേർന്ന ശേഷം ഡിസ്ചാർജ് ചെയ്യുമെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. 173 പേരെയാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാവരും ഹോം ക്വാറന്റയിനിലാണ്.
ആറു വാർഡുകളിലായി 2185 വീടുകളിൽ ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തി വിവരം ശേഖരിച്ചു. ജില്ല മാനസികാരോഗ്യ വിഭാഗം 165 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് സേവനം നൽകി. പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിലേക്ക് 21 കോളുകൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായി. രോഗത്തിന്റെ ഉറവിടം അറിയാനായി മൃഗക്ഷേവ വകുപ്പ് വവ്വാലിന്റെ സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലേക്ക് പരിശോധനക്ക് അയച്ചു.
പടക്കം പൊട്ടിച്ചോ മറ്റോ വവ്വാലുകളെ നീക്കം ചെയ്യാൻ ശ്രമിച്ചാൽ പരിഭ്രാന്തരായി കൂടുതൽ സ്രവങ്ങൾ പുറന്തള്ളാൻ സാധ്യതയുള്ളതിനാൽ അതിന് ശ്രമിക്കരുതെന്നും വനം-മൃഗസംരക്ഷണ വകുപ്പുകളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി.
തച്ചനാട്ടുകര പഞ്ചായത്തിലെ വാർഡ് - 7 (കുണ്ടൂർക്കുന്ന്), വാർഡ്-8 (പാലോട്), വാർഡ്-9 (പാറമ്മൽ), വാർഡ് - 11 (ചാമപറമ്പ്), കരിമ്പുഴ പഞ്ചായത്തിലെ വാർഡ് - 17 (ആറ്റശ്ശേരി), വാർഡ്-18 (ചോളക്കുറിശ്ശി) എന്നിവിടങ്ങളാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായിട്ടുള്ളത്. കണ്ടെയ്ൻമെന്റ് സോണിലുള്ളവർ അനാവശ്യമായി കൂട്ടം കൂടരുത്. എൻ 95 മാസ്ക് നിർബന്ധമായും ധരിക്കണം.
കണ്ടെയ്ൻമെന്റ് സോണിൽനിന്നും പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം. ഐസൊലേഷൻ /ക്വാറന്റയിനിൽ കഴിയുന്നവർ നിർബന്ധമായും എൻ 95 മാസ്ക് ധരിക്കണം. കൃത്യമായും ക്വാറന്റയിൻ മാനദണ്ഡങ്ങൾ പാലിക്കണം. ശുചിമുറിയുള്ള റൂമിൽ തന്നെ ക്വാറന്റയിനിൽ ഇരിക്കുക.
ആരുമായും സമ്പർക്കത്തിൽ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. അവരെ പരിചരിക്കുന്ന വീട്ടിലുള്ള എല്ലാവരും മാസ്ക് എപ്പോഴും ധരിക്കണം. കൈകൾ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കണം. പനി, ചുമ, തലവേദന, ശ്വാസതടസം, മാനസിക വിഭാന്ത്രി, ബോധക്ഷയം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ വിവരം അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ ഫോൺ മുഖാന്തിരം അറിയിക്കുകയോ കൺട്രോൾ റൂം നമ്പറിലേക്ക് 0491- 2504002 വിളിക്കുകയോ ചെയ്യണം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.