മണ്ണൂർ: ഗ്രാമീണ റോഡുകളിൽ സ്ഥാപിച്ച വഴിവിളക്കുകൾ കത്താത്തതിനാൽ ഗ്രാമീണ മേഖല ഭൂരിഭാഗവും ഇരുട്ടിൽ. വഴിവിളക്ക് ശരിയാംവിധം പരിപാലനമില്ലാത്തതാണ് ഗ്രാമപ്രദേശങ്ങൾ പൂർണമായും ഇരുട്ടിലാകാൻ കാരണം. ആറ് മാസമായി ഇതേ അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
ഇതുമൂലം ചില പ്രദേശങ്ങൾ സാമൂഹിക വിരുദ്ധ താവളങ്ങളുമായി. ഇതോടെ കാൽനടയാത്രക്കാരും ദുരിതത്തിലായി. വഴിവിളക്ക് പരിപാലനം നടത്തുന്ന പുതിയ കരാറുകാർ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്നാണ് പരാതി. പഞ്ചായത്ത് നേതൃത്വവും താൽപര്യമെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
മണ്ണൂർ പഞ്ചായത്തിലെ അഞ്ച്, 10 വാർഡുകളിൽ 60തോളം വഴിവിളക്കുകൾ കത്താതെ നോക്കുകുത്തിയായി കിടപ്പാണെന്ന് പഞ്ചായത്തംഗവും മുസ്ലിംലീഗ് കോങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറിയുമായ വി.എം. അൻവർ സാദിക് പറഞ്ഞു. നഗരിപ്പുറം കനാൽ റോഡ്, വിഷ്ണു ക്ഷേത്രം, മണിയംകോട്, ആലത്തുപറമ്പ്, കോഴിച്ചുണ്ട, കിഴക്കുംപുറം, മണ്ണൂർ എ.യു.പി സ്കൂൾ-ക്ഷേത്രം റോഡ് എന്നിവിടങ്ങളെല്ലാം മാസങ്ങളായി ഇരുട്ടിലാണ്.
മാസങ്ങൾക്ക് മുമ്പ് പ്രധാന റോഡുകളിൽ മാത്രം ലൈറ്റുകൾ നന്നാക്കിയിരുന്നു. പിന്നെ കരാറുകാർ വന്നിട്ടില്ല. വിളിച്ചാൽ ഫോൺ എടുക്കുന്നുമില്ല. തെരുവുവിളക്കുകൾ കത്തിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ മണ്ണൂർ പഞ്ചായത്ത് ഉപരോധമടക്കം സമരം സംഘടിപ്പിക്കുമെന്ന് വി.എം. അൻവർ സാദിക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.