ഷൊർണൂർ: ജീവകാരുണ്യ പ്രവർത്തനത്തിനാണെന്ന് ധരിപ്പിച്ച് 44,000 രൂപക്ക് ബിരിയാണി വാങ്ങി തുക നൽകാതെ മുങ്ങിയ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പട്ടാമ്പി കറുകപുത്തൂർ ചാഴിയാട്ടിരി വെളുത്ത വളപ്പിൽ ഷെഹീർ കരീം (36) ആണ് റിമാൻഡിലായത്. കഴിഞ്ഞ മാസം 26നാണ് കേസിനാസ്പദമായ സംഭവം.
പ്രതി ഷൊർണൂരിലെ കടയിലെത്തി ചാരിറ്റി പ്രവർത്തനത്തിന് തുക സ്വരൂപിക്കാനാണെന്ന് ധരിപ്പിച്ച് ബിരിയാണിക്ക് ഓർഡർ നൽകി. 44,000 രൂപക്കുള്ള ബിരിയാണി വാങ്ങി തുക തരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു. തുക ലഭിക്കാതായപ്പോൾ ഷൊർണൂർ പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയപ്പോഴാണ് പ്രതി പല സ്ഥലത്തും തട്ടിപ്പ് നടത്തിയതായി അറിഞ്ഞത്.
ചാലിശ്ശേരിയിലെ കടയിൽനിന്ന് 36,000 രൂപക്ക് ബിരിയാണി വാങ്ങി മുങ്ങാൻ നോക്കിയെങ്കിലും അവർ തടഞ്ഞ് വെച്ച് പൊലീസിലറിയിച്ചു. പിന്നീട് തുക നൽകാമെന്ന ഉറപ്പിൽ വിട്ടയച്ചു. പാലക്കാട്, മണ്ണാർക്കാട് ഭാഗങ്ങളിലും ഇതുപോലെ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ഷൊർണൂർ സി.ഐ വി.രവികുമാർ പറഞ്ഞു.
അസുഖബാധിതരെ സഹായിക്കാനും വീടില്ലാത്തവർക്ക് വീട് വെച്ച് നൽകാനുമെന്ന് വിശ്വസിപ്പിച്ച് ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ ഇയാൾ തട്ടിപ്പ് നടത്തി വരികയായിരുന്നു. കടയിൽനിന്ന് 110 രൂപക്ക് വാങ്ങി 250 രൂപക്കാണ് ഇയാൾ ജനങ്ങൾക്ക് നൽകിയിരുന്നത്. ചാരിറ്റി പ്രവർത്തനത്തിനായതിനാൽ അധികവില നൽകി ബിരിയാണി വാങ്ങാൻ സൗമനസ്യം കാണിക്കുന്ന നാട്ടുകാരെ കബളിപ്പിച്ചാണ് പ്രതി വൻ തുക അടിച്ച് മാറ്റിയിരുന്നത്.
ഒരു ബിരിയാണിയിൽനിന്ന് 160 രൂപ വരെ ഷെഹീർ ലാഭമുണ്ടാക്കിയിരുന്നു. ഇതിൽ 30 രൂപയാണ് ബന്ധപ്പെട്ട വീട്ടുകാർക്ക് നൽകിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഇതും നൽകിയിട്ടുണ്ടോയെന്ന് കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ അറിയൂവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.