മലമ്പുഴയിലെ അടച്ചിട്ട കുട്ടികളുടെ ഉദ്യാനം
പാലക്കാട്: മലമ്പുഴയിലെ കുട്ടികളുടെ പാർക്ക് നിശ്ചലം. ഡാമിന്റെ പ്രധാന ഉദ്യാനത്തോടുചേർന്നാണ് കുട്ടികളുടെ ഉദ്യാനവും. ഒന്നാംഘട്ട കോവിഡിൽ അടച്ചിട്ട പ്രധാന ഉദ്യാനം ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി തുറന്നുകൊടുത്തെങ്കിലും കുട്ടികളുടെ ഉദ്യാനം അടിച്ചിട്ടിരിക്കുകയാണ്.
ഒന്നരവർഷത്തോളം അടഞ്ഞുകിടന്നതോടെ കളിക്കോപ്പുകളും യന്ത്രസാമഗ്രികളും കസേരകളും തുരുമ്പ് പിടിച്ച് നശിച്ചതാണ് കാരണം. സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് കുട്ടികളുടെ പാർക്ക്. കുട്ടികളുടെ പാർക്കിലാണെങ്കിലും ഇവിടെയുള്ള ഊഞ്ഞാൽ തുടങ്ങിയവ മുതിർന്നവർക്കും ഏറെ പ്രിയങ്കരമാണ്.
ഉദ്യാനം അടച്ചിട്ടതിനാൽ കുട്ടികളുമായി എത്തുന്ന വിനോദ സഞ്ചാരികൾ ഏറെ നിരാശയോടെയാണ് മടങ്ങുന്നത്. നിരവധിയാളുകൾ പാർക്ക് എത്രയും വേഗം തുറക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതും ശരിയായ പരിചരണമില്ലാത്തതുമാണ് കേടുവരാൻ കാരണം.
മുൻ പ്രധാനമന്ത്രി നെഹ്റുവിന്റെ പ്രതിമയും കുട്ടികളുടെ പാർക്കിനോട് ചേർന്നുണ്ട്. അണക്കെട്ടും ഉദ്യാനവും നെഹ്റു സന്ദർശിച്ചതിന്റെ ഓർമക്കായാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. നവംബർ പതിനാലിന് ശിശുദിനത്തിൽ ഇവിടെ കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടത്താറുള്ളതാണ്. ജലസേചന വകുപ്പിന്റെയും ജില്ല വിനോദ സഞ്ചാരവികസന വകുപ്പിന്റെയും നിയന്ത്രണത്തിലാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തുന്നത്. അതേസമയം, അറ്റകുറ്റപ്പണി പൂർത്തിയാക്കി രണ്ടാഴ്ചക്കകം ഉദ്യാനം തുറന്നുകൊടുക്കുമെന്ന് പാർക്കിന്റെ ചുമതലയുള്ള ഇറിഗേഷൻ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.