പാലക്കാട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തിൽ വ്യക്തിസ്വാധീനവും പ്രദേശിക വികസനവുമാണ് വിജയത്തിന്‍റെ ഗതി നിർണയിക്കുന്നതെങ്കിൽ ജില്ല പഞ്ചായത്തിലേക്ക് രാഷ്ട്രീയ കാഴ്ചപ്പാടാണ് വോട്ടായി മാറുന്നത്. ഇടത്തരം കർഷകരും കർഷകതൊഴിലാളികളും തിങ്ങിപാർക്കുന്ന ജില്ലയിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇതുവരെ ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ്.
വാർഡ് പുനർവിഭജനത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാൽ നിലവിലെ സാഹചര്യത്തിന് മാറ്റം സംഭവിക്കുമോ എന്ന് കണ്ടറിയണം. 2020ൽ ജില്ല പഞ്ചായത്തിലെ 30 ഡിവിഷനുകളിൽ മത്സരിച്ച ഇടതുമുന്നണിക്ക് മിന്നുന്ന വിജയമാണ് സമ്മാനിച്ചത്. 27 ഡിവിഷനുകൾ ഇടതുമുന്നണി തൂത്തുവാരി. ഒപ്പം ഘടകക്ഷികളായ സി.പി.ഐ., ജെ.ഡി.എസ്, കേരള കോൺഗ്രസ് എം, എൻ.സി.പി എന്നിവർക്കും വ്യക്തമായ മേൽവിലാസം ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞു.
എന്നാൽ, ജില്ല പഞ്ചയാത്തിലെ 30 സീറ്റിലും മത്സരിച്ച യു.ഡി.എഫിന് മൂന്ന് സീറ്റിൽ ഒതുങ്ങേണ്ടി വന്നു. മുസ്‍ലിം ലീഗിന് രണ്ടും, കോൺഗ്രസിന് ഒന്നും സീറ്റുകളിലാണ് വിജയിക്കാനായത്. കേരള കോൺഗ്രസ് ജോസഫ്, ജനതാദൾ ജോൺ, സി.എം.പി എന്നീ യു.ഡി.എഫ് ഘടകക്ഷികൾക്കും ഓരോ സീറ്റ് വീതം ഉണ്ടായിരുന്നെങ്കിലും വിജയിക്കാനായില്ല. എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പി. 29 ലും, ബി.ഡി.ജെ.എസ് ഒരു സീറ്റിലും മത്സരിച്ചെങ്കിലും എങ്ങുമെത്തിയില്ല. ഈ പ്രാവശ്യം വാർഡ് പുനർവിഭജനത്തിന്‍റെ ഭാഗമായി ഒരു സീറ്റ് വർധിച്ച് 31 എണ്ണമായി. ഈ തെരഞ്ഞടുപ്പിൽ യു.ഡി.എഫിൽ കോൺഗ്രസും ലീഗും തമ്മിൽ ആദ്യം വീതിച്ചെടുത്തെങ്കിലും പിന്നീട് ഉണ്ടായ സമ്മർദത്തെ തുടർന്ന് കോൺഗ്രസിലെ ഒരു ഡിവിഷൻ സി.എം.പി ജോൺ വിഭാഗത്തിന് നൽകി. കോൺഗ്രസ് 24 സീറ്റിലും, ലീഗ് ആറ് സീറ്റിലും, സി.എം.പി ഒരു സീറ്റിലും മത്സരിക്കും.
ജില്ല ഡിവിഷനിൽ വർധിച്ച ഒരു സീറ്റ് എൽ.ഡി.എഫിൽ സി.പി.എം എടുത്തു. ഇതോടെ സി.പി.എം 22 ഡിവിഷനിലും, സി.പി.ഐ അഞ്ചും, ജനതാദൾ എസ്-രണ്ടും, എൻ.സി.പി, കേരള കോൺഗ്രസ് (എം) കക്ഷികൾ ഓരോ ഡിവിഷനിലും മത്സരിക്കും. എൻ.ഡി.എയിൽ ബി.ജെ.പി 29ഉം ബി.ഡി.ജെ.എസ് രണ്ടിടത്തും മത്സരിക്കും. ഇതിന് പുറമെ വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, എ.എ.പി, പി.ഡി.പി തുടങ്ങിയ പാർട്ടികളും മത്സരത്തിനുണ്ട്. 21 ഡിവിഷനുകളിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. അലനല്ലൂർ ഡിവിഷനിൽ ലീഗിനും സി.പി.എമ്മിനും വിമതശല്യമുണ്ടെങ്കിലും അത് ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് ബാധിക്കില്ലെന്നും പഞ്ചായത്തുതലത്തിൽ മാത്രം ഒതുങ്ങുമെന്നുമുള്ള കണക്കുകൂട്ടലുകളാണ് ഇരുവിഭാഗത്തിനുമുള്ളത്. പി.ഡി.പി മത്സരിക്കുന്ന ഏക ഡിവിഷനും ഇതാണ്.
നിലവിൽ ലീഗിന്‍റെ സിറ്റിങ് സീറ്റാണ്. സി.പി.ഐയും ലീഗും ബി.ജെ.പിയും മത്സരിക്കുന്ന തെങ്കരയിൽ വിമതശല്യമുണ്ടെങ്കിലും അത് താഴെ തട്ടിൽ മാത്രം ഒതുങ്ങാനാണ് സാധ്യത. നിലവിൽ ലീഗിന്‍റെ സീറ്റാണ്. പുതുപ്പരിയാരം, മലമ്പുഴ, പറളി ഡിവിഷനുകളിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മലമ്പുഴ, അകത്തേത്തറ പഞ്ചായത്തുകളിൽ ഏഴും, അഞ്ചും എണ്ണം വാർഡുകളും നേടി. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിൽ പറളി മേഖലയിൽ രണ്ട് ഡിവിഷനുകളിൽ ബി.ജെ.പി ആണ് വിജയിച്ചത്.
ഇതെല്ലാം ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രതീക്ഷകളാണ്. ഏറ്റവും അധികം സ്ഥാനാർഥികൾ മത്സരിക്കുന്നത് കുഴൽമന്ദം ഡിവിഷനിലാണ്. ആം ആദ്മി പാർട്ടിയുടെ ഏക സ്ഥാനാർഥി ഉൾപ്പെടെ ഏഴ് പേരാണ് ഇവിടെ മത്സരത്തിനുള്ളത്. ജില്ലയിലെ 31 ഡിവിഷനുകളിൽ എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ സ്ഥാനാർഥികൾ കൂടാതെ പുതുപ്പരിയാരം, കൊടുവായൂർ, അലനല്ലൂർ, പറളി, കോങ്ങാട്, തരൂർ, ആലത്തൂർ, അമ്പലപ്പാറ, കപ്പൂർ എന്നിവടങ്ങളിൽ വെൽഫെയർ പാർട്ടിയും, കുഴൽമന്ദം, അമ്പലപ്പാറ, മുതുതല, ചളവറ, കൊല്ലങ്കോട് എന്നിവിടങ്ങളിൽ എസ്.ഡി.പി.ഐയും, അട്ടപ്പാടി, മലമ്പുഴ, കുഴൽമന്ദം, കപ്പൂർ എന്നിവിടങ്ങളിൽ ബി.എസ്.പിയും മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.