ഒറ്റപ്പാലം: ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ മുന്നണികൾ തമ്മിൽ ജീവന്മരണ പോരാട്ടം. പഴയ പ്രതാപം വീണ്ടെടുക്കാൻ ഇടതുപക്ഷവും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സമ്പൂർണ പരാജയത്തിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ്പിന് യു.ഡി.എഫും കൂടുതൽ സീറ്റുകൾ നേടുക എന്ന ലക്ഷ്യവുമായി ബി.ജെ.പിയും കനത്ത പോരാട്ടത്തിന് കോപ്പുകൂട്ടുകയാണ്. 20 വാർഡുകളുണ്ടായിരുന്ന 2020ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്താങ്ങുന്ന സ്വതന്ത്രരുൾപ്പടെ 20 സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും സമ്പൂർണ പരാജയമായിരുന്നു ഫലം. കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥികളിൽ ഒരാൾക്കുപോലും ജയിക്കാനായില്ല.
കോൺഗ്രസ് പിന്തുണയിൽ മത്സരിച്ച കടമ്പൂർ വാർഡിലെ ജനകീയ വികസന സമിതി സ്ഥാനാർഥിയെ മാത്രമാണ് വിജയം തുണച്ചത്. എൽ.ഡി.എഫിന് 15ഉം ബി.ജെ.പിക്ക് നാലും ജനകീയ വികസന സമിതിക്ക് ഒന്നും എന്നതാണ് നിലവിലെ കക്ഷി നില. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണം ഇടതിന്റെ കൈകളിലായി. എൽ.ഡി.എഫ് ഘടക കക്ഷികൾക്ക് അവസരം നൽകാതെ പഞ്ചായത്ത് ഭരണം പതിറ്റാണ്ടുകളായി സി.പി.എമ്മിനാണ്. വിഭാഗീയത കൊടികുത്തി വാണ 2010ലെ തെരഞ്ഞെടുപ്പിൽപോലും 19 വാർഡുകളും നേടിയാണ് സി.പി.എം അധികാരത്തിലെത്തിയത്. സി.പി.എം സ്ഥാനാർഥിയോട് പൊരുതാനാളില്ലാതെ ഇടത് സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കാൻ നിർബന്ധിതമായതും ഇക്കാലത്തായിരുന്നു. മുട്ടിപ്പാലം വാർഡിൽനിന്നാണ് സി.പി.എം സ്ഥാനാർഥിയെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
2015ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഏതാനും വാർഡുകൾ പാർട്ടിക്ക് ആദ്യമായി കൈമോശം വന്നത്. സി.പി.എം -13, ബി.ജെ.പി -മൂന്ന്, യു.ഡി.എഫ് -രണ്ട്, സ്വതന്ത്രർ -രണ്ട് എന്നതായിരുന്നു 2015ലെ കക്ഷിനില. 2020ൽ കാലാവധി പൂർത്തിയാകാനിരിക്കെ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. കുഞ്ഞൻ സി.പി.എമ്മിൽ രാജിവെച്ച് പുറത്ത് പോയത് രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ ചർച്ചയായിരുന്നു. ഇദ്ദേഹം പിന്നീട് ബി.ജെ.പിയിലേക്ക് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.