കോട്ടായി സർക്കാർ ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റുന്നു
കോട്ടായി: നൂറ്റാണ്ട് പഴക്കമുള്ള, നിരവധി തലമുറകളുടെ ജന്മത്തിന് സാക്ഷ്യം വഹിച്ച, ചരിത്രം പേറുന്ന കോട്ടായി സർക്കാർ ആശുപത്രി കെട്ടിടം ഓർമയിലേക്ക്. കാലപ്പഴക്കത്തിൽ നാശോന്മുഖമായ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കാനാണ് പഴയ ഓടിട്ട കെട്ടിടം പൊളിക്കുന്നത്.പതിറ്റാണ്ടുകൾക്കു മുമ്പുവരെ കിടത്തി ചികിത്സയും പ്രസവകേസുകളുമടക്കം സാധാരണക്കാരുടെ ആശാകേന്ദ്രമായിരുന്ന ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റുന്നതോടെ കോട്ടായിയിലെ ആരോഗ്യ പരിരക്ഷണത്തിന്റെ വലിയ ചരിത്രം കൂടിയാണ് മൺമറയുന്നത്.
ദിനേന നൂറുകണക്കിന് രോഗികൾ ചികിത്സ തേടി എത്തുന്ന ആശുപത്രി കെട്ടിടം ശോചനീയമായതിനാൽ നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത് എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച പരിമിതമായ സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ്. രോഗികൾക്ക് ഇരിക്കുന്നതുപോയിട്ട് നിൽക്കാൻ പോലും ഇവിടെ സ്ഥലമില്ലാത്ത അവസ്ഥയാണ്.
നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം പോലും നടന്നിട്ടില്ല. അതിനുമുമ്പേ ആശുപത്രി പ്രവർത്തനം ഇവിടേക്ക് മാറ്റുകയായിരുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ ആഗസ്റ്റ് 18ന് ജി.എസ്.ടി ഉൾപ്പെടെ എഴുപതിനായിരം രൂപക്ക് ടെൻഡർ നൽകിയിരുന്നു. കെട്ടിടം പൊളിച്ചുമാറ്റിയാലും സൗകര്യപ്രദമായ പുതിയ കെട്ടിടം എന്ന് വരുമെന്നതിന് ആർക്കും ഉത്തരം പറയാനാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.