ഭാരതപുഴയിൽ പാലം വരാനിരിക്കുന്ന ഞാവളിൻകടവിലെ ഭാഗം
പത്തിരിപ്പാല: ഭാരതപ്പുഴക്ക് കുറുകെ അതിർകാട് ഞാവളിൻകടവിൽ നിർമിക്കുന്ന പാലത്തിനായി നെൽവയൽ പരിവർത്തനംചെയ്യാൻ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ പത്ത് വർഷത്തിലേറെയായി നിലച്ച റെയിൽവെ മേൽ പാലത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങും. ലക്കിടിപേരൂർ പഞ്ചായത്തിലെ രണ്ട് വില്ലേജിൽ ഉൾപ്പെട്ട 90 സെന്റ് നെൽവയലിന് ആണ് പൊതു ആവശ്യത്തിന് വ്യവസ്ഥകൾക്ക് വിധേയമായി പരിവർത്തനാനുമതി നൽകാൻ ധാരണയായത്.
സംസ്ഥാന ബജറ്റിൽ 100 കോടി രൂപയാണ് പാലത്തിനായി പത്ത് വർഷം മുമ്പ് വകയിരുത്തിയിട്ടുള്ളത്. മേൽപ്പാലം നിർമാണം വൈകുന്നത് നാട്ടുകാർ കെ. പ്രേംകുമാർ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലാണ് ഭൂമി പരിവർത്തനം ചെയ്യാനുള്ള തീരുമാനത്തിലെത്തിച്ചത്. പത്തിരിപാലയെയും പെരിങ്ങോട്ടുകുറിശിയെയും ബന്ധിപ്പിക്കുന്ന പാലത്തിന് 2017 ജൂൺ 28ന് ഭരണാനുമതി ലഭിച്ചിരുന്നു. ലക്കിടിപേരൂർ, പെരുങ്ങോട്ടുകുർശി പഞ്ചായത്തുകളിൽ നിന്നായി 564 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പുഴയിൽ 180 മീറ്ററും റെയിലിന് മുകളിൽ 100 മീറ്ററുമാണ് പാലത്തിന്റെ നീളം. വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ കമ്പനിയാണ് സർവേ പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.