പത്തിരിപ്പാല: ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ വഴിയോര കാമറകൾ റെഡി. നഗരിപ്പുറം കനാൽ ബൈപാസ് പാതയിലാണ് ലക്ഷങ്ങൾ മുടക്കി കാമറകൾ സ്ഥാപിച്ചത്. ഏകദേശം അര കിലോമീറ്റർ ദൈർഘ്യമുള്ള കനാലിലും റോഡിന്റെ ഓരങ്ങളിലുമാണ് വ്യാപകമായി മാലിന്യങ്ങൾ തള്ളിയിരുന്നത്. 10 വർഷത്തിലേറെയായി മാലിന്യം ഇവിടെ തള്ളുന്നത് പതിവായിട്ട്. കനാൽ പാതയരികിൽ നിരവധി വീടുകളുമുണ്ട്. ലോഡ് കണക്കെ മാലിന്യം തള്ളിയതോടെ ‘മാധ്യമം’ നിരന്തരം വാർത്തകൾ നൽകിയിരുന്നു.
മാലിന്യം കൊണ്ട് കനാലും നിറഞ്ഞതോടെ കനാലിലെ ഓവുപാലങ്ങൾ അടഞ്ഞ് ഒഴുക്കുംതടസ്സമായി. സമീപവാസികളും വഴിയാത്രക്കാരും ദുർഗന്ധം മൂലം പൊറുതിമുട്ടി. യാത്രക്കാരുടെയും പരാതികൾ ബന്ധപ്പെട്ടവരിലെത്തി. കാമറ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധ സമരങ്ങൾ വരെ നടന്നു. ഒടുവിൽ വാർഡ് അംഗം ശിഹാബും ഇക്കാര്യത്തിൽ ഇടപെട്ടു. പഞ്ചായത്ത് പ്രസിഡൻറ് എസ്. അനിത, വൈസ് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ എന്നിവർ സ്ഥലം സന്ദർശിക്കുകയും ചെയ്തതോടെയാണ് കാമറ സ്ഥാപിക്കാനുള്ള നടപടിയുണ്ടായത്.
അര കിലോമീറ്ററിനുള്ളിൽ എട്ടു കാമറകൾ സ്ഥാപിച്ചു. പഞ്ചായത്തിൽ സ്ഥാപിച്ച മോണിറ്ററിൽ നിരീക്ഷിക്കാനാകുന്ന തരത്തിലാണ് സംവിധാനം. ഒരാഴ്ചക്കകം കാമറയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുന്നതോടെ മാലിന്യം തള്ളുന്നത് പൂർണമായും പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ. മാലിന്യം തള്ളുന്നത് പിടിക്കപ്പെട്ടാൽ 25000 രൂപയാണ് പിഴ ഈടാക്കുക. ഇക്കാര്യത്തിൽ രാഷ്ട്രീയം നോക്കാതെ നടപടി എടുക്കുമെന്നാണ് പഞ്ചായത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.