പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ അതിർത്തിയിൽ പ്രവർത്തിക്കുന്ന ആനമല കടുവാ സങ്കേതത്തിന്റെ പ്രധാന കവാടം
കോയമ്പത്തൂർ: വാൽപ്പാറയിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ വാഹന രജിസ്ട്രേഷൻ നമ്പറുകൾ രേഖപ്പെടുത്താൻ ഓട്ടോമാറ്റിക് കാമറകൾ സ്ഥാപിച്ചു. പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്കുള്ള കവാടം, വാൽപ്പാറ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഉൾപ്പെട്ട ആനമല കടുവ സങ്കേതത്തിന്റെ അതിർത്തികളിലാണ് അത്യാധുനിക കാമറകൾ സ്ഥാപിച്ച് വാഹനങ്ങളെയും വിനോദസഞ്ചാരികളെയും തദ്ദേശീയരെയും നിരീക്ഷിക്കുന്നത്.
പറമ്പിക്കുളത്തേക്ക് പോകുന്ന പ്രധാന കവാടത്തിന്റെ ആനമല കടുവ സങ്കേതത്തിന്റെ പരിശോധന കേന്ദ്രത്തിൽ ഇരുചക്ര വാഹനങ്ങൾക്ക് അനുവാദമില്ല. എന്നാൽ വാൽപ്പാറയിലേക്കുള്ള കവാടത്തിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നു പോകാറുണ്ട്. വാൽപ്പാറയിലേക്ക് വരുന്ന വിനോദ സഞ്ചാരികൾ ആളിയാർ വനംവകുപ്പിന്റെ വാഹന പരിശോധന പോസ്റ്റ് വഴി കടന്നുപോകണം. പ്രദേശത്ത് വന്യജീവികളെ ഇടിച്ചു തെറിപ്പിക്കുന്ന അപകടങ്ങളും കുറ്റകൃത്യങ്ങളും പതിവാകുന്നത് കണക്കിലെടുത്താണ് കാമറകൾ സ്ഥാപിച്ചത്. നിയമവിരുദ്ധമായി മൃഗങ്ങളെ വേട്ടയാടുന്നത് തടയാൻ പൊള്ളാച്ചി വനം വകുപ്പ് സുരക്ഷാ പ്രവർത്തനങ്ങൾ കർശനമാക്കിയതിന്റെ ഭാഗമാണിത്. ആളിയാർ വനംവകുപ്പിന്റെ വാഹന പരിശോധന കേന്ദ്രത്തിൽ ഇതിനകം സി.സി.ടി.വി നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ വഴി വാഹനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
അത്യാധുനിക ഓട്ടോമാറ്റിക് കാമറകൾക്ക് ഏകദേശം രണ്ട് മുതൽ മൂന്ന് കിലോമീറ്റർ വരെയുള്ള വാഹനങ്ങളുടെ ചിത്രങ്ങൾ പകർത്താൻ കഴിയും. സേത്തുമട, ടോപ്സ്ലിപ്, വാൽപ്പാറ, മണാമ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ ഉടൻ അത്യാധുനിക ഓട്ടോമാറ്റിക് കാമറകൾ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.