ധോണി മലയടിവാരത്ത് എത്തിയ കാട്ടാനക്കൂട്ടം
അകത്തേത്തറ: ധോണി മേഖലയിലെ കാട്ടാനശല്യത്തിനൊപ്പം പുലിഭീതിയും അകത്തേത്തറയുടെ ഉറക്കം കെടുത്തുന്നു. വനാതിർത്തിയോട് ചേർന്ന ഗ്രാമങ്ങൾ ആനപ്പേടിയിലും പുലി ഭീതിയിലും നേരം വെളുപ്പിക്കുകയാണ്. അർധരാത്രിയിലും നേരം പുലരും വരെയും ഏത് ദിക്കിലൂടെയും വന്യമൃഗങ്ങൾ ജനവാസ മേഖലയിലെത്താം.
ആഴ്ചകളായി വരകുളം ഭാഗത്തുനിന്ന് വരുന്ന ആനകൾ അംബേദ്കർ കോളനി, മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിൽ പതിവായി എത്തുന്നുണ്ട്. വരകുളത്ത് വെള്ളം കുടിച്ചും നീരാടിയും കരകയറുന്ന ആനകൾ സമീപപ്രദേശങ്ങളിലെ കൃഷിയും വിളകളും നശിപ്പിച്ച ശേഷമാണ് കാടുകയറുക. രണ്ട് ചേരികളായി തിരിഞ്ഞ കൂട്ടത്തിൽ ആനകുട്ടികൾ ഉള്ളതിനാൽ ഇളം പുല്ലും വാഴയുമാണ് ഇഷ്ട ഭക്ഷണം. വീട്ടുകാരും തോട്ടം ഉടമകളും സ്ഥാപിച്ച കമ്പിവേലികളും ചുറ്റുമതിലും തകർത്താണ് നാട്ടിലെത്തുന്നത്.
മാസങ്ങൾക്ക് മുമ്പ് പുതുപ്പരിയാരം, അകത്തേത്തറ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിൽ 15 വളർത്ത് മൃഗങ്ങളെയും അരഡസനിലധികം കോഴികളെയും പുലി കൊന്നു തിന്നിരുന്നു. കഴിഞ്ഞദിവസം വർക്ക്ഷോപ് അടച്ച് വീട്ടിലേക്ക് മടങ്ങിയ ബൈക്ക് യാത്രികനാണ് മായാപുരം സെൻറ് തോമസ് കോളനിക്കടുത്ത് പുലിയെ കണ്ടത്.
തലനാരിഴക്കാണ് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. ജനവാസ മേഖലയിലെത്തിയ പുലിയെ തിരഞ്ഞ് ദ്രുത പ്രതികരണ സേനയും സ്ഥലത്തെത്തി. മേഖലയിലെ ഭൂരിഭാഗം ജനങ്ങൾ കൃഷിയും ക്ഷീരോൽപാദനവും ഉപജീവന മാർഗമായി സ്വീകരിച്ചവരാണ്. കാട്ടാനശല്യം കാരണം ഉപജീവനം മുടങ്ങിയതോടെ ആശങ്കയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.