കല്ലടിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയെപ്പറ്റി പരാതികൾ പ്രവഹിക്കുന്നു. കരിമ്പ പഞ്ചായത്തിലെ വാർഡ് 16 ചെമ്പൻത്തിട്ടയിൽ പല വോട്ടർമാർക്കും വീട്ടുനമ്പർ ഇല്ല. 66 മുതൽ 74 വരെ ക്രമനമ്പർ ഉള്ള വ്യക്തികളുടെ വീട്ടുനമ്പർ പൂജ്യമാണ്. നിരവധി പേർ വാർഡ് മാറി വോട്ടർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി തുപ്പനാട് ചെറുള്ളി വാർഡിലാണ് ഐരാണി കോളനി ഉൾപ്പെട്ടിട്ടുള്ളത്. വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പനയംപാടം വാർഡിലാണ് നിലവിലുള്ളത്. തുപ്പനാട് ചെറുള്ളി വാർഡിന്റെ ഭാഗമായി കിടന്നിരുന്ന പറക്കാൽ രാജീവ് ഗാന്ധി കോളനി ഉൾപ്പെടുന്ന ഭാഗം ഇപ്പോൾ പനയമ്പാടം ഭാഗത്ത് കൂട്ടിച്ചേർത്തിട്ടുണ്ട്.
കരിമ്പ പഞ്ചായത്തിലെ വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതായി യു.ഡി.എഫ് കരിമ്പ മണ്ഡലം കമ്മിറ്റി ആരോപിച്ചു. വാർഡിന്റെ അതിർത്തികൾക്ക് അപ്പുറത്ത് കൂട്ടമായി വോട്ടുകൾ ഉണ്ടെന്നും പല വാർഡുകളിലും ഉള്ള ആളുകളുടെ പേരുകൾ മറ്റ് പല വാർഡുകളിലാണ് കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത് എന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഒരാളുടെ പേര് തന്നെ ഒന്നിലധികം വാർഡുകളിൽ കിടക്കുന്നുണ്ടെന്നും പലരുടെയും പേരുകൾ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഓരോ വാർഡിലും വീടുകളുടെ എണ്ണത്തിലുള്ള വ്യത്യാസം പത്ത് ശതമാനത്തിലധികമാകരുതെന്ന ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം മറികടന്ന് ചിലവാർഡുകളിൽ ആയിരത്തിൽ താഴെ വോട്ടുകളും ചിലവാർഡുകളിൽ 1500 ഓളം വോട്ടുകളും ആണുള്ളത്.
ഇത് ഭരണ പക്ഷത്തിന്റെ വ്യാപകമായ ഇടപെടൽ ആണെന്നും യു.ഡി.എഫ്. കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് രംഗത്ത് വരുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. യു.ഡി.എഫ്. ചെയർമാൻ കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആന്റണി മതിപ്പുറം, പി.കെ. അബ്ദുല്ലക്കുട്ടി, വി.കെ. ഷൈജു, എം.കെ. മുഹമ്മദ് ഇബ്രാഹീം, പി.കെ.എം മുസ്തഫ, സി.എം. നൗഷാദ്, യൂസഫ് പാലക്കൽ, സി. കെ. മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഹാരിസ്, മാത്യു കല്ലടിക്കോട്, വി.സി. ഉസ്മാൻ, യൂസഫ് ചൂരക്കോട്, ജെന്നി ജോൺ, പി. സുരേഷ്, ഇസ്മയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.