പാലക്കാട്: ജില്ലയിൽ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമെന്ന് ജില്ല സെക്രട്ടേറിയറ്റ് വിലയിരുത്തൽ. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥികൾ പരാജയപ്പെടാൻ കാരണം പാർട്ടിയിലെ പ്രശ്നമാണെന്നാണ് യോഗത്തിലെ വിലയിരുത്തൽ. അതിനാൽ തന്നെ വിഭാഗീയ പ്രവർത്തനങ്ങൾ പരിഹരിക്കാനുള്ള നടപടിയിലേക്ക് കടക്കുകയാണ് സി.പി.എം. മന്ത്രിയായി എം.ബി. രാജേഷ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തൃത്താലയിൽ പരാജയപ്പെടാൻ കാരണം വിഭാഗീയതയാണെന്നും ജില്ല സെക്രട്ടറിയേറ്റ് വിലയിരുത്തി. സി.പി.എം തൃത്താല ഏരിയ കമ്മിറ്റിയിലെ ഐക്യമില്ലായ്മ തെരഞ്ഞെടുപ്പിനെ ബാധിച്ചു. തൃത്താല ഏരിയ സമ്മേളനത്തിലും വിഭാഗീയത പരസ്യമായി പുറത്തുവന്നിരുന്നു. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരം നടന്നു. വോട്ടെടുപ്പിൽ ഔദ്യോഗികപക്ഷ നേതാവ് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഏരിയ കമ്മിറ്റിയിലെ വിഭാഗീയത അവസാനിക്കാത്തതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതെന്നും ജില്ല നേതൃത്വം വിലയിരുത്തി.
നെന്മാറയിൽ ഭൂരിപക്ഷം കുറയാൻ കാരണവും പാർട്ടിക്കുള്ളിലെ പ്രശ്‌നം തന്നെയാണ്. കോങ്ങാട് മണ്ഡലത്തിലെ പരാജയകാരണം പി.കെ. ശശി പ്രഭാവമാണെന്നും വിലയിരുത്തലുണ്ട്. പാലക്കാട്ടെ സ്ഥാനാർഥി എൻ.എം.ആർ. റസാഖ് മികച്ചതായിരുന്നു. അതിനാൽ തന്നെ രണ്ടാം സ്ഥാനം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാർട്ടി പ്രതിസന്ധിയിലാകുമെന്നും യോഗം വിലയിരുത്തി. താഴെ തട്ടുകളിൽ യോഗം ചേർന്ന് വിഭാഗീയതക്ക് നേതൃത്വം നൽകിയവർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് സി.പി.എം. പി.ബി അംഗം എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ. സലീഖ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.