പറമ്പിക്കുളം: നേത്ര ശസ്ത്രക്രിയ കഴിഞ്ഞവരെ വഴിയിൽ ഇറക്കിവിട്ടതായി പരാതി. മേയ് ഏഴിന് സന്നദ്ധ സംഘടന കോയമ്പത്തൂർ കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ പങ്കെടുത്ത 21 പേരെ ശസ്ത്രക്രിയക്ക് തെരഞ്ഞെടുത്തിരുന്നു. കോയമ്പത്തൂർ കണ്ണാശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ രോഗികളെ കോയമ്പത്തൂർ ഉക്കടം ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടതായാണ് പരാതി.
കൈയിലുള്ള പണവുമായി ബസിൽ ഇവർ പൊള്ളാച്ചിയിലേക്കും അവിടെ നിന്ന് സ്വകാര്യ വാഹനത്തിൽ സേത്തുമടയിലും എത്തുകയായിരുന്നു. കുരിയർകുറ്റിയിലെ ഹരിച്ചന്ദ്രൻ, രാമായി ഹരിച്ചന്ദ്രൻ, പൂമണി പൊന്നുസ്വാമി, പൊന്നുകുട്ടി ബാലൻ, കടവ്ഉന്നതിയിലെ വീരൻകുട്ടി എന്നിവരും സുങ്കം ഉന്നതിയിൽ നിന്നുള്ള എഴുപേരും ഉൾപ്പെടെ 21 ശസ്ത്രക്രിയ കഴിഞ്ഞവരെയും ഒപ്പം ഉള്ളവരെയുമാണ് വഴിയിലിറക്കി വിട്ടതെന്ന് പത്തായത്ത് വൈസ് പ്രസിഡന്റ് താജുദ്ദീൻ പറഞ്ഞു.
പറമ്പിക്കുളത്ത് എത്തിയ ആദിവാസികളെ മുതലമട പഞ്ചായത്ത് പ്രസിഡന്റ് കൽപ്പന ദേവി, വൈസ് പ്രസിഡന്റ് താജുദ്ദീൻ എന്നിവർ കണ്ട് ചർച്ച നടത്തി. തുടർന് പറമ്പിക്കുളം പൊലീസിനെ ബന്ധപ്പെടുകയും പൊലീസ് വാഹനത്തിൽ കുരിയാർ കുറ്റിയിലെ ഉന്നതിയിലേക്ക് ഇവരെ എത്തിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് കൽപ്പന ദേവി പറഞ്ഞു. ആശുപത്രികളിലേക്ക് എത്തിക്കുന്ന ആദിവാസികളെ ചികിത്സക്കു ശേഷം അവരവരുടെ ഉന്നതികളിൽ എത്തിക്കേണ്ടത് ക്യാമ്പ് നടത്തുന്നവരുടെ ഉത്തരവാദിത്വമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.