പാലക്കാട്: വിവരാവകാശപ്രവർത്തകരുടെ ഇടപെടലുകളെത്തുടർന്ന് അഞ്ചു വർഷത്തിനുശേഷം ഉത്തരവ് നടപ്പാക്കി പാലക്കാട് ജില്ല കലക്ടർ. വിവരാവകാശ കമീഷണർ വിൽസൻ എം. പോളിന്റെ 2020 ജൂൺ 18ലെ ഉത്തരവാണ് ദേശീയ വിവരാവകാശ കൂട്ടായ്മ പ്രവർത്തകരുടെ നിരന്തര ഇടപെടലുകളെത്തുടർന്ന് ആഗസ്റ്റ് 27ന് ജില്ല കലക്ടർ നടപ്പാക്കിയത്.
ആവശ്യപ്പെട്ട വിവരം നൽകാതിരുന്ന പൊതുവിവര അധികാരിക്കെതിരെയുണ്ടായ ഒന്നാം അപ്പീൽ തീർപ്പ് ഉത്തരവിൽ, ഫയൽ കണ്ടെത്തി വിവരം നൽകണമെന്ന് ഒറ്റപ്പാലം ഭൂരേഖ തഹസിൽദാർ 2016 ആഗസ്റ്റ് 12ന് ഉത്തരവിട്ടിരുന്നു. ഉത്തരവ് പൂക്കോട്ടുകാവ് വില്ലേജ് ഓഫിസർകൂടിയായ പൊതുവിവര അധികാരി അനുസരിക്കാതിരുന്നതിനാൽ പരാതിക്കാരൻ പൂക്കോട്ടുകാവ് സ്വദേശി എസ്.കെ. മേനോൻ വിവരാവകാശ കമീഷൻ മുമ്പാകെ 2016 നവംബർ 27ന് രണ്ടാം അപ്പീൽ ഫയൽചെയ്തു.
രണ്ടാം അപ്പീൽ പരിഗണിച്ച കമീഷൻ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല ശിക്ഷാനടപടി സ്വീകരിക്കാൻ 2020 ജൂൺ 18ന് ഉത്തരവിട്ടു. തുടർന്ന് ഒറ്റപ്പാലം ഭൂരേഖ തഹസിൽദാറിന്റെ അന്വേഷണത്തിൽ, വില്ലേജ് ഓഫിസിലെ റെക്കോഡുകൾ സൂക്ഷിക്കുന്നതിലും, കൈകാര്യംചെയ്യുന്നതിലും വില്ലേജ് ഓഫിസർ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. തുടർന്ന് വകുപ്പുതല നടപടികൾക്ക് ശിപാർശ ചെയ്ത് കലക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ, ഫയൽ സമർപ്പിച്ച ക്ലർക്കിന്റെ നിർദേശം അവഗണിച്ച് കൂടുതൽ വ്യക്തത വരുത്താൻ ഡെപ്യൂട്ടി കലക്ടർ (ജനറൽ), 2021 ഫെബ്രുവരി ഏഴിന് ഒറ്റപ്പാലം സബ്കലക്ടറെ പുനരന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു.
സബ്കലക്ടർ റിപ്പോർട്ട് നൽകാതിരുന്നതിനാൽ വിശദീകരണ സഹിതം രണ്ടാഴ്ചക്കകം റിപ്പോർട്ടാക്കാൻ 2023 നവംബറിൽ കലക്ടർ സബ്കലക്ടറോട് ആവശ്യപ്പെട്ടു. തുടർന്നാണ് വിവരാവകാശ കൂട്ടായ്മ പ്രവർത്തകർ ഇടപെട്ട് തുടങ്ങിയത്. നിരന്തരം വിവരാവകാശ അപേക്ഷകളും അപ്പീലുകളും നൽകി ഫയലിന് ജീവൻ വെപ്പിച്ചു. തുടർന്ന് 2025 സെപ്റ്റംബർ 16ലെ ഇ.എൻ. കണ്ണന്റെ വിവരാവകാശ അപേക്ഷക്ക് മറുപടിയായി, ആഗസ്റ്റ് 27ന് പി. ഷാജി എന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന ഉത്തരവ് കലക്ടർ നടപ്പാക്കിയതിന്റെ ഉത്തരവ് നൽകേണ്ടിവന്നു. വിവരാവകാശ കമീഷൻ ഉത്തരവ് റവന്യൂ വകുപ്പ് അവഗണിക്കുന്നെന്ന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
2022ൽ പറളിയിലെ മൂന്ന് ഏക്കറോളം സ്വകാര്യ പട്ടയ ഭൂമി മിച്ചഭൂമിയാക്കി ഏറ്റെടുത്തത് വിവാദമായിരുന്നു. ഇതിൽ രഹസ്യമായി സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നൽകിയത് ഇപ്പോൾ വകുപ്പുതല നടപടിക്ക് ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നെന്ന് ഭൂമി ഏറ്റെടുക്കലിലെ ഇരകളും ദേശീയ വിവരാവകാശ കൂട്ടായ്മ അംഗങ്ങളുമായ പറളി കിണാവല്ലൂർ സ്വദേശികളായ ഏച്ചംപുര കണ്ണൻ, പരിയങ്ങാട്ട് കൃഷ്ണമോഹൻ, നടുവക്കാട്ട് ജ്യോതികുമാർ, കൂട്ടാല ശിവപ്രസാദ് തുടങ്ങിയവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.