കൂറ്റനാട്: ചാലിശ്ശേരി നവയുഗ കമ്മിറ്റിയുടെ കാരുണ്യത്തില്‍ നിർധന കുടുംബത്തിന് വീടൊരുങ്ങും. ചാലിശ്ശേരി പൂരത്തിന് കരുതിവച്ച ആനയുടെ ഏക്കത്തുകയായ അഞ്ച് ലക്ഷമാണ് വീട് നിർമാണത്തിനായി മാറ്റിവച്ച് മാതൃകയായത്.
ആലിക്കര വേങ്ങാട്ടുപറമ്പിൽ കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന അജിതൻ (45)ഹൃദായാഘാതത്തെ തുടർന്ന് കഴിഞ്ഞ വർഷം മരിച്ചിരുന്നു. രണ്ട് മാസം കഴിഞ്ഞ് സെപ്തംബറിൽ പെരുമ്പിലാവ് അറക്കലിൽ വാഹനപകടത്തിൽ കുന്നംകുളം ബോയ്സ് സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായിരുന്ന അജിതന്റെ മൂത്തമകൻ അതുൽകൃഷ്ണയും മരിച്ചു. ഇതോടെ തകർന്ന കുടുംബത്തിനാണ് കൈത്താങ്ങായി നവയുഗയിലെ 40 അംഗങ്ങൾ ആഘോഷത്തിന് മാറ്റം വരുത്തി എത്തുന്നത്.
ആഘോഷത്തിന് ചിറക്കൽ കാളിദാസനെന്ന ആനയെ അഞ്ച് ലക്ഷത്തിന് ഏക്കത്തുക നിശ്ചയിച്ചുറപ്പിച്ചിരുന്നു. ആനയെ ഒഴിവാക്കി ആ തുക കുടുംബത്തിന്റെ വീട് പണി പൂർത്തികരിക്കാനായി ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ആവശ്യം പറഞ്ഞപ്പോൾ ആന ഉടമ മുന്‍കൂര്‍ കൈപ്പറ്റിയ കാല്‍ലക്ഷം കമ്മിറ്റിക്കാർക്ക് തിരിച്ച് നൽകി നന്മക്കായി പിന്തുണ നൽകി.
അമ്മയും വിദ്യാർഥിനിയായ മകളും വേദനയിൽനിന്ന് പൂർണമായി മാറിയാൽ ഉടനെ വീട് പണി തുടങ്ങും. ടൈൽ, തേപ്പ്, ജനൽ, വാതിൽ, ശുചിമുറി പെയിന്റിങ്, വൈദ്യതീകരണം, പമ്പിങ് തുടങ്ങി എല്ലാം ഏറ്റവും മനോഹരമാക്കാനാണ് കമ്മിറ്റി ഒരുങ്ങുന്നത്. ഇത്തവണ ആർഭാടം ഒഴിവാക്കി ശിങ്കാരിമേളം മാത്രമായി ലളിതമായി പൂരാഘോഷം നടത്തി. ആനയുടെ മഹിമയെക്കാൾ വലുത് ഒരു കുടുംബത്തിന്റെ ജീവിതമാണെന്നുള്ള കമ്മിറ്റിയുടെ ആലോചന ഗ്രാമത്തിന്റെയും ഉത്സവ പ്രേമികളുടെയുടെ പ്രശംസ പിടിച്ചു പറ്റി. 2011ലാണ് നവയുഗ ആഘോഷ കമ്മിറ്റി തുടങ്ങിയത്. എം.എസ്. മനുവാണ് പ്രസിഡൻറ്. സെക്രട്ടറി: സനൂപ്. ട്രഷറർ: എം.കെ. ശരത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.