പാലക്കാട്: ജില്ലയിലെ മാലിന്യ സംഭരണ കേന്ദ്രങ്ങളും ലെഗസി ഡംപ് സൈറ്റുകളും (പൈതൃക മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍) തീപിടിത്ത സാധ്യതാ മേഖലകളായി കണക്കാക്കി സുരക്ഷ മുന്‍കരുതലുകളും സജ്ജീകരണങ്ങളും കര്‍ശനമാക്കും. എം.സി.എഫ്, ആര്.ആര്.എഫ്, ലെഗസി ഡംപ് സൈറ്റുകള്‍ തുടങ്ങിയ മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ വേനല്‍ക്കാലത്തെ തീപിടിത്ത സാധ്യത മുന്നിൽ കണ്ട് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനംമൂലം തീപിടിത്തം ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പൊലീസ് പട്രോളിങ് നടത്തും. സംഭരണ കേന്ദ്രങ്ങളിലെ മാലിന്യം കൂട്ടിവെക്കാതെ അതത് സമയം നീക്കം ചെയ്യുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. തീപിടിത്തം തടയുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനവും ഫയര്‍ ഓഡിറ്റും നടത്തുന്നതായും മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ നിന്നും ലെഗസി ഡംപ് സൈറ്റുകളില്‍നിന്നും കൂടുതല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു വരികയാണെന്നും തദ്ദേശ വകുപ്പ് ജോയ്ന്റ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.
കൊടുമ്പ് ഭാഗത്ത് ബയോ മൈനിങ് ആരംഭിച്ചിട്ടുണ്ട്. ഒറ്റപ്പാലത്ത് ലെഗസി ഡംപ് സൈറ്റുകളിലെ മാലിന്യം നീക്കം ചെയ്തു വരുന്നതായും തദ്ദേശ വകുപ്പ് ജോയ്ന്റ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. മാലിന്യ സംഭരണകേന്ദ്രങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനം തടയുന്നതിന്റെ ഭാഗമായി പ്രത്യേകം പരിശോധന നടത്താന്‍ എസ്.എച്ച്.ഒമാര്‍ക്ക് നിർദേശം നല്‍കിയതായി പൊലീസ് അറിയിച്ചു.
മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥലങ്ങള്‍ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് ഇവിടങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സംഭരണകേന്ദ്രങ്ങളില്‍ മാലിന്യങ്ങള്‍ സമയബന്ധിതമായി വേര്‍തിരിക്കണമെന്നും നവകേരളമിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ യോഗത്തില്‍ നിർദേശിച്ചു. 35 ഓളം സ്വകാര്യ ഏജന്‍സികള്‍ക്ക് മാലിന്യം നീക്കം ചെയ്യുന്നതിന് കരാര്‍ നല്‍കിയിട്ടുണ്ടെന്നും എല്ലാ മാലിന്യ സംഭരണകേന്ദ്രങ്ങളിലും സി.സി.ടി.വി സ്ഥാപിക്കുന്നതിനുള്ള നിർദേശം നല്‍കിയിട്ടുണ്ടെന്നും ജില്ല ശുചിത്വ മിഷന് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.