ഓഡിറ്റ് നീളുന്നു; സപ്ലൈകോക്ക് ലഭിക്കാനുള്ളത് 4000 കോടി രൂപ

പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സപ്ലൈകോക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ നിന്ന് ലഭിക്കാനുള്ളത് 4000 കോടിയോളം രൂപ. തുക ലഭിക്കണമെങ്കിൽ ഓഡിറ്റ് പൂർത്തീകരിച്ച് സർക്കാറിന് രേഖ സമർപ്പിക്കണം. ഈ സംഖ്യ ലഭിച്ചാൽ സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമെങ്കിലും കെടുകാര്യസ്ഥതയും, രാഷ്ട്രീയ ഇടപെടലും മൂലം അതിന് കഴിയുന്നില്ല. ഈ മാർച്ച് 31നകം 2024-25 വരെയുള്ള എല്ലാ ഓഡിറ്റും പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം.

2018ൽ നിയമസഭ സമിതി അധ്യക്ഷൻ സി. ദിവാകരന്‍റെ നേതൃത്വത്തിലുള്ള സമിതി സപ്ലൈക്കോയിൽ ഓഡിറ്റ് സമയബന്ധിതമായി നടക്കുന്നില്ലെന്നും സ്റ്റാഫ് പാറ്റേൺ തന്നെ ക്രമക്കേടിന് വഴിവെക്കും വിധത്തിലുള്ളതാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തണമെന്ന് സമിതി നിർദേശിച്ചിട്ടും നടപടിയില്ല. ഡെപ്യൂട്ടേഷനിൽ എത്തുന്നവരാണ് ഇപ്പോഴും സപ്ലൈക്കോയിൽ ഓഡിറ്റ് നടത്തുന്നത്. ഇവരിൽ ചിലർ തിരികെപ്പോയാലോ, മറ്റ് ചുമതലകൾ നിർവഹിക്കുമ്പോഴോ ഓഡിറ്റ് തടസ്സപ്പെടും.

ഇപ്പോഴും 2020-21ലെ ഓഡിറ്റ് പൂർത്തീകരിച്ചിട്ടില്ല. റീജനൽ ലെവൽ ഓഡിറ്റാണ് ഇപ്പോൾ നടക്കുന്നത്. തുടർന്ന് ഹെഡ് ഓഫിസ് ലെവൽ കൺസോൾഡ് ഓഡിറ്റ് നടത്തി സർക്കാറിനും, സി.എ.ജിക്കും നൽകി അംഗീകാരം ലഭിച്ചാൽ മാത്രമേ 2020-21ലെ ഓഡിറ്റ് പൂർത്തിയാകൂ.

2021-22, 2022-23 വർഷത്തെ ഡിപ്പോ തല ഓഡിറ്റ് 90 ശതമാനം പൂർത്തിയായെങ്കിലും 2020-21 ലെ ഓഡിറ്റ് പൂർത്തിയാകാതെ തൊട്ടെടുത്ത വർഷത്തേത് പൂർത്തിയാക്കാൻ കഴിയില്ല. 2018 ലെ പ്രളയവും 2020, 21 ലെ കോവിഡുമാണ് 2018-19 മുതൽ ഓഡിറ്റ് തടസ്സപ്പെടാൻ കാരണമായി പറയുന്നത്. 2019ൽ ഡിപ്പോകളിൽ 2868 മെട്രിക് ടൺ അരിയും ഗോതമ്പും ഉപയോഗശുന്യമായത് സംബന്ധിച്ച് പല അന്വേഷണവും നടത്തിയെങ്കിലും വ്യക്തമായി തീരുമാനത്തിലെത്താനായില്ല.

മുൻവർഷങ്ങളിൽ ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടന്നതിനാൽ മാർച്ചിലെ വർഷാന്ത്യ കണക്കെടുപ്പ് രേഖകളിൽ മാത്രമൊതുങ്ങിയിരുന്നതായും ആരോപണമുണ്ട്. എന്നാൽ 2020 ൽ പരമാവധി വിതരണം ചെയ്തതിനാൽ ഗോഡൗണുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനാൽ സ്റ്റോക്ക് വെരിഫിക്കേഷനിൽ കൃത്രിമം കാണിച്ച് രേഖകൾ ശരി‍യാക്കാൻ പണിപ്പെടേണ്ട അവസ്ഥയാണ്.

ഇതോടെ ജീവനക്കാരിൽ പലരും മാതൃവകുപ്പിലേക്ക് തിരിച്ചുപോയി. പി.ബി. നൂഹ് എം.ഡി ആയ സമയത്ത് അക്കൗണ്ട്സിൽ യോഗ്യതയുള്ളവരെ ഓഡിറ്റിൽ നിയമിക്കണമെന്ന് നിർദേശിച്ചെങ്കിലും വകുപ്പ് ഇത് അവഗണിച്ചതായി ജീവനക്കാർ ആരോപിക്കുന്നു. പിന്നെ 2023 മുതൽ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തിയതും ഓഡിറ്റ് നീളാൻ കാരണമായി.

Tags:    
News Summary - Audit is dragging on; Supply Coke is owed Rs 4,000 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.